അബുജ: വടക്കൻ നൈജീരിയയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 103 പേർ മരിച്ചു. സംസ്ഥാന തലസ്ഥാനമായ ഇലോറിനിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയിലെ നൈജർ നദിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഇപ്പോഴും കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സർക്കാർ വക്താവ് ഒകാസൻമി അജായ് പറഞ്ഞു. ഇതുവരെ 100 പേരെയോളം രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
മുങ്ങി മരിച്ചവരിൽ ഭൂരി ഭാഗവും ബന്ധുക്കളാണ്. എല്ലാവരും ഒരു വിവാഹത്തിൽ പങ്കെടുത്ത് രാത്രി തിരികെ വീട്ടിലേക്ക് പോയോപ്പോഴാണ് അപകടം നടന്നതെന്ന് പ്രാദേശിക തലവനായ അബ്‌ദുൾ ഗാന ലുക്പാഡ പറഞ്ഞു. മോട്ടോർ സൈക്കിളുകളിലാണ് അവർ ചടങ്ങിനെത്തിയത്. എന്നാൽ മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിതോടെ പ്രാദേശികമായി നിർമ്മിച്ച ബോട്ടിൽ മടങ്ങേണ്ടി വരികയായിരുന്നു. ബോട്ടിൽ ഓവർലോഡ് ആയിരുന്നു. അതിൽ 300ഓളം പേർ ഉണ്ടായിരുന്നു. അതിനിടയിൽ ബോട്ട് വെള്ളത്തിനകത്തെ ഒരു വലിയ തടിയിൽ തട്ടി രണ്ടായി പിളർന്നെന്നും ലുക്പാഡ കൂട്ടിച്ചേർത്തു.
അപകടത്തിന് പിന്നാലെ ഗ്രാമ വാസികൾ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ആദ്യ ഘട്ടത്തിൽ അൻപതിലധികം പേരെ കരയിലേക്ക് കയറ്റി എന്നാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു. കൂടുതൽ മൃതദേഹങ്ങൾക്കായി ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. വർഷങ്ങൾക്ക് ഇടയിൽ തങ്ങൾ കണ്ട ഏറ്റവും വലിയ ബോട്ടപകടമാണിതെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്‌ച വൈകുന്നേരരം അതുവരെ കണ്ടെടുത്ത എല്ലാ മൃതദേഹങ്ങളും പ്രാദേശിക ആചാരങ്ങൾക്കനുസൃതമായി സമീപ പ്രദേശത്ത് തന്നെ സംസ്‌കരിച്ചതായി ലുക്പാഡ പറഞ്ഞു.
നൈജീരിയയിലുടനീളമുള്ള പല വിദൂര മേഖലകളിലും ബോട്ട് അപകടങ്ങൾ സാധാരണമാണ്. ഇവിടങ്ങളിൽ പ്രാദേശികമായി നിർമ്മിച്ച ബോട്ടുകളാണ് ഗതാഗതത്തിനായി സാധാരണയായി ഉപയോഗിക്കുന്നത്. അമിത ഭാരവും അറ്റകുറ്റപ്പണികൾ നടത്താത്ത ബോട്ടുകളുടെ ഉപയോഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.