ഡെങ്കിപ്പനിക്കൊപ്പം ആശങ്കയായി വെസ്റ്റ് നൈലും; കൊച്ചിയില്‍ ഒരു മരണം

ഡെങ്കിപ്പനിക്കൊപ്പം ആശങ്കയായി വെസ്റ്റ് നൈലും; കൊച്ചിയില്‍ ഒരു മരണം

കൊച്ചി: ഡെങ്കിപ്പനി ആശങ്ക പരത്തുന്നതിന് പുറമേ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങിയില്‍ നിന്നുള്ള അറുപത്തഞ്ചുകാരനാണ് മരിച്ചത്.

ജില്ലയില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ആണ് ബാധിച്ചതെന്ന് കണ്ടെത്തിയത്.

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937 ല്‍ യുഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011 ല്‍ വെസ്റ്റ് നൈല്‍ രോഗം ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയവ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നത് മൂലം ബോധക്ഷയവും മരണം വരെയും സംഭവിക്കാം.

ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.

വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചു വെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണി കൊണ്ട് മൂടുക, കൊതുക് കടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

ചെളി വെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന കൊതുകുകള്‍ പെറ്റു പെരുകുന്നത്. രാത്രി കാലത്താണ് ഇവ കടിക്കുക. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരില്ല. 1937 ല്‍ യുഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.