ബോര്‍ഡര്‍ സിനിമയുടെ റിലീസിങ് ദിനത്തില്‍ ഉപഹാര്‍ തിയേറ്ററിലെ തീപിടുത്തതിന് 26 വയസ്

ബോര്‍ഡര്‍ സിനിമയുടെ റിലീസിങ് ദിനത്തില്‍ ഉപഹാര്‍ തിയേറ്ററിലെ തീപിടുത്തതിന് 26 വയസ്

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ ജെ.പി ദത്തയുടെ ബോര്‍ഡര്‍ സിനിമയുടെ റിലീസിങ് ദിനത്തിലെ ദുരന്തം സംഭവിച്ചിട്ട് 26 വര്‍ഷം പിന്നിടുന്നു. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോംഗേവാല യുദ്ധത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളുടെ കഥയായിരുന്നു ബോര്‍ഡര്‍ പറഞ്ഞത്. എന്നാല്‍, ചിത്രം അവസാനിക്കുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ സംഭവിച്ചത് കാലം മായ്ക്കാത്ത മുറിവായിരുന്നു. ഉപഹാര്‍ തിയേറ്റര്‍ പ്രവര്‍ത്തിച്ചത് റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ സുശീല്‍ അന്‍സാല്‍, ഗോപാല്‍ അന്‍സാല്‍ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു.

ചിത്രത്തിന്റെ ഇടയ്ക്ക് തിയേറ്ററില്‍ സംഭവിച്ച അതിദാരുണമായ തീപിടുത്തത്തില്‍ അകത്ത് കുടുങ്ങി പോയ 59 പേര്‍ ശ്വാസം പോലും കിട്ടാതെയാണ് മരണപ്പെട്ടത്. തിയേറ്ററിലെ തിക്കിലും തിരക്കിലും അകപെട്ട് ഏതാണ്ട് 103 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും പലര്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞില്ല.

ഉപഹാര്‍ സിനിമ കെട്ടിടത്തിന് താഴത്തെ നിലയിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ തീപിടുത്തം ഉണ്ടായി. എന്നാല്‍, അന്നത്തെ വൈകുന്നേരത്തെ ഷോ മുടങ്ങാതിരിക്കാന്‍ ചലച്ചിത്രം തുടങ്ങുന്നതിനു മുമ്പ് ശരവേഗത്തില്‍ തീപിടത്തമുണ്ടായ ട്രാന്‍സ്‌ഫോമറില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. പക്ഷേ, അതേ ട്രാന്‍സ്‌ഫോമറില്‍ നിന്ന് വീണ്ടും തീ ഉയരുകയും തീയേറ്ററിനുള്ളിലേക്ക് പടരുകയുമായിരുന്നു.

ഈ വര്‍ഷം നെറ്റ്ഫ്ളിക്സില്‍ വെബ് സീരീസായ 'ട്രയല്‍ ബൈ ഫയര്‍' പുറത്തിറങ്ങിയപ്പോഴാണ് ഉപഹാര്‍ തിയേറ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കുട്ടികളുടെ മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടത്തെ കുറിച്ച് സമൂഹം കൂടുതല്‍ അറിഞ്ഞത്.

അറ്റകുറ്റപ്പണികള്‍ക്ക് അല്പം ധൃതി കൂടി പോയപ്പോള്‍ തിയേറ്ററിനുള്ളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് ആരാണ് ഉത്തരവാദി? കൈക്കുഞ്ഞുങ്ങളുമായി വരെ ആ ചിത്രത്തിന് പോയവരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റയ്ക്കായി പോയവരും ഇന്നും ആ ദുരന്തം പേറി ജീവിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.