തിരുവനന്തപുരം: കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വന്‍തോതില്‍ വിഷാംശമുള്ളതായി കണ്ടെത്തല്‍. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറികളില്‍ 35 ശതമാനത്തിലേറെയാണ് വിഷാംശം. പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശം അടങ്ങിയിട്ടുണ്ട്.
പച്ചച്ചീര, ബജിമുളക്, ക്യാപ്സിക്കം, ബ്രോക്കോളി, വഴുതന, സാമ്പാര്‍ മുളക് തുടങ്ങിയ സാമ്പിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായി പദ്ധതിയുടെ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ വിഷാംശം കുറവാണ്. 27.47 ശതമാനം വിഷാംശമാണ് ഇവയിലുള്ളത്. ഇക്കോ ഷോപ്പുകളിലും ജൈവമെന്ന പേരില്‍ വില്‍പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിധ്യം താരതമ്യേന കുറവാണ്.
വിപണിയിലെ പഴങ്ങളായ റോബസ്റ്റാ, സപ്പോട്ട, ഉണക്ക മുന്തിരി എന്നിവയില്‍ 50 ശതമാനം കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ആകെ 868 സാമ്പിളുകളാണ് പഠനത്തിനായി പരിശോധിച്ചത്. ഉലുവ, ഉഴുന്ന്, പയര്‍, അരി, തുവര, പരിപ്പ്, വെള്ളക്കടല, ചെറുപയര്‍, വന്‍പയര്‍ എന്നിവയുടെ സാമ്പിളില്‍ വിഷാംശമില്ലെന്നും കണ്ടെത്തി.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശമുള്ള പച്ചക്കറികള്‍ എത്തുന്നത് തടയനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നതാണ് വാസ്തവം. ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കാന്‍ ഉദേശിച്ചിരുന്നത്. വിഷമുക്ത പച്ചക്കറികള്‍ മിതമായ നിരക്കില്‍ പ്രദേശവാസികള്‍ക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
'ഓണത്തിന് ഒരു മുറം പച്ചക്കറി',' ഞങ്ങളും കൃഷിയിലേക്ക്' പദ്ധതികളിലൂടെയായിരുന്നു വീട്ടുവളപ്പില്‍ കൃഷി. ജൂണ്‍ പകുതിയോടെ വിളവെടുപ്പ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം എന്നാല്‍ ഉണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.