താല്‍ക്കാലികാശ്വാസം: വൈദ്യുതി നിരക്ക് കൂട്ടാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

താല്‍ക്കാലികാശ്വാസം: വൈദ്യുതി നിരക്ക് കൂട്ടാനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. യൂണിറ്റിന് 25 മുതല്‍ 80 പൈസ വരെ വര്‍ധിപ്പിച്ച് ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.

വ്യവസായ ഉപയോക്താക്കളുടെ സംഘടനായ ഹൈടെന്‍ഷന്‍, എക്ട്രാ ഹൈടെന്‍ഷന്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷനാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ജൂലൈ 10 ന് കേസ് ജസ്റ്റിസ് സി.എസ് ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാന്‍ പാടില്ല. നിരക്ക് കൂട്ടാനുള്ള ബോര്‍ഡ് അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് മെയ് 16 ന് പൂര്‍ത്തിയായിരുന്നു.

സര്‍ക്കാര്‍ അനുമതിയില്ലാതെ 2021 ല്‍ ശമ്പളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വന്‍ കടത്തിലായതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വന്‍ ശമ്പളം നല്‍കുന്നതിന് ന്യായീകരണമില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും സി.എ.ജി നിര്‍ദ്ദേശിച്ചിരുന്നു.

ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതില്‍ 15 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. ബാക്കി കുറഞ്ഞ നിരക്കില്‍ കേന്ദ്ര ഗ്രിഡില്‍ നിന്നും ദീര്‍ഘകാല കരാറിലൂടെയും ലഭിക്കുന്നു.

ഇതിലും കൂടുതല്‍ വാങ്ങേണ്ടി വന്നാല്‍ ചെലവ് തൊട്ടടുത്ത മാസം സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണം വഴി നഷ്ടമില്ല. ശമ്പള വര്‍ധനയ്‌ക്കൊപ്പം പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും നഷ്ടം വരുത്തിവച്ചു. 40,000 പേര്‍ക്കാണ് ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നത്. 240 കോടി പ്രതിമാസം ചെലവ് വരും. ഈ ഇനത്തില്‍ ഇതുവരെയുള്ള ബാധ്യത 35,824 കോടി രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.