'സമാധാനം മാനവരാശിക്കായുള്ള ദൈവത്തിന്റെ സ്വപ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'.
ജനീവ: ലോകത്ത് നിലനില്‍ക്കുന്ന യുദ്ധങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും ഏവരുടെയും ശ്രദ്ധ ക്ഷണിച്ച് സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ച സന്ദേശം ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ വായിച്ചു.
മാനവരാശി ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ലോകത്ത് സമാധാനം പോലും യുദ്ധത്തിന് കീഴടങ്ങുന്ന പ്രതീതിയാണുള്ളതെന്നും സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി.
പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും പക്ഷാപാതപരമായ വീക്ഷണ കോണുകളില്‍ നിന്നും അകന്ന് മുഴുവന്‍ മാനവരാശിയുടെയും പൊതുനന്മയ്ക്കായി ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടു.
ആഗോളവല്‍കരണത്തിന്റെ ഈ നാളുകളില്‍ പരസ്പര സാഹോദര്യത്തിന്റെ അഭാവമാണ് പലയിടങ്ങളിലും ഉള്ളത്. ഇത് അനീതി, ദാരിദ്ര്യം, അസമത്വങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാലാണ് ഉളവാകുന്നത്.
വ്യാപകമായ വ്യക്തിവാദം, സ്വാര്‍ത്ഥത, പുതിയ ചില പ്രത്യയ ശാസ്ത്രങ്ങള്‍ തുടങ്ങിവ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉപയോഗ ശൂന്യരായി കണക്കാക്കുന്നതിലേക്ക് നയിക്കുന്നു. സാഹോദര്യത്തിന്റെ അഭാവമുളവാക്കുന്നത് സായുധസംഘട്ടനങ്ങളും യുദ്ധങ്ങളുമാണ്.
സമാധാനം മാനവരാശിക്കായുള്ള ദൈവത്തിന്റെ സ്വപ്നമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. സാമ്പത്തികമായ വീക്ഷണ കോണില്‍ യുദ്ധം സമാധാനത്തെക്കാള്‍ ലാഭകരമാണെന്ന ചിന്ത ലോകത്ത് നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ആയുധങ്ങള്‍ വിറ്റു നേടുന്ന പണം രക്തക്കറ പുരണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, കുറച്ചു പേരുടെ ലാഭത്തിന് വേണ്ടി നിരവധി ആളുകളുടെ ക്ഷേമം ഇല്ലാതാക്കുന്നതിനെ അപലപിച്ചു.
ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി യുദ്ധങ്ങളെ അനുകൂലിക്കുന്നതിനേക്കാളും സമാധാന ശ്രമങ്ങള്‍ക്കായി പരിശ്രമിക്കാന്‍ കൂടുതല്‍ ധൈര്യം ആവശ്യമുണ്ടെന്നും പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.