മനുഷ്യനോടില്ലാത്ത മമത മൃഗങ്ങളോടോ?? (ദുരന്തങ്ങൾ തുടർക്കഥയാകരുത്)

മനുഷ്യനോടില്ലാത്ത മമത മൃഗങ്ങളോടോ?? (ദുരന്തങ്ങൾ തുടർക്കഥയാകരുത്)

പത്തു വയസ്സുള്ള ചുണക്കുട്ടൻ നിഹാൽ നാടിന്റെ നൊമ്പരമായത് ഇന്നും നമ്മെ വേട്ടയാടുകയാണ്. നാടിന്റെ നന്മയായി മാറേണ്ട കുരുന്നുകൾ നൊമ്പരമായി മാറുന്നതു ഹൃദയഭേദകമാണ്. ഈ സംഭവം ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. ഈ കഴിഞ്ഞ വർഷങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം നിമിത്തം എത്രയോ വിലപ്പെട്ട ജീവനുകളാണ് നമുക്കു നഷ്ടമായത്. പ്രത്യേകിച്ചും കുട്ടികൾ. ഒപ്പം തന്നെ ദിനംപ്രതി ആക്രമണങ്ങൾ  വർദ്ധിച്ചുവരികയാണ്. കേരളത്തിലിന്നു മനുഷ്യജീവനു ഭീഷണിയുയർത്തുന്ന പ്രധാന വിഷയമായിരിക്കുകയാണ് തെരുവുനായ ആക്രമണം. എഴുതുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എങ്കിൽ കൂടി "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് അഭിമാനത്തോടെ നാം വിളിക്കുന്ന നമ്മുടെ കേരളമിന്നു നായ്ക്കളുടെ നാടായി മാറുന്നു എന്നതു യാഥാർത്ഥ്യമാണ്. ദിനംപ്രതി തെരുവുനായ്ക്കളുടെ എണ്ണത്തിൽ അനിയന്ത്രിത വർദ്ധനവാണ് ഉണ്ടാകുന്നത്. ഇതിനെ യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണവിധേയമാക്കിയേ തീരൂ. അല്ലാത്തപക്ഷം മനുഷ്യജീവനു ഭീഷണിയെന്നപോലെ നാടിന്റെ പുരോഗതിയേയും അതു പിറകോട്ടുവലിക്കുമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. വഴിയിലൂടെ പോകുന്നവരെ മാത്രമല്ല വാഹനമോടിക്കുന്നവരേയും കടന്നാക്രമിക്കുകയാണിന്നു തെരുവുനായ്ക്കൾ. കൃത്യമായ ആസൂത്രണത്തിലൂടെ ഹൃസ്വ, ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയാൽ മാത്രമേ ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകാതെ കാക്കാൻ നമുക്കാകുകയുള്ളു. തെരുവുനായ്ക്കളുടെ അനിയന്ത്രിത പെരുപ്പം പൊതുജനാരോഗ്യത്തിനു വെല്ലുവിളിയാണെന്നു തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണു ദ്രുതഗതിയിൽ നടക്കേണ്ടത്. ആരോഗ്യ  വകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും ഏകോപനത്തോടെയുള്ള പദ്ധതികളും പ്രവർത്തനങ്ങളും ഈ വളരുന്ന വിപത്തിനെ നിയന്ത്രണ വിധേയമാക്കാൻ അനിവാര്യമാണ്. ജില്ലകളിലേക്കാളുപരി ഇതൊരു പ്രാദേശികവിഷയമായതിനാൽ ബ്ലോക്ക്, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ പദ്ധതികൾ നടപ്പാക്കണം.

1. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതുപോലെയുള്ള ക്രൂരതകളിലൂടെ അവയുടെ നിയന്ത്രണം സാധ്യമാകില്ല. എന്നാൽ തീർത്തും അപകടകാരികളായ തെരുവുനായ്ക്കളെ നിയമാനുസൃതമായി കൊല്ലുവാനുള്ള പദ്ധതികൾ വിഭാവനം ചെയ്യണം.

2. തെരുവുനായ്ക്കകളെ ഷെൽട്ടറുകൾ നിർമ്മിച്ചു പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ കേരളം പോലെ ജനസാന്ദ്രമായ സംസ്ഥാനത്തു പ്രായോഗികമല്ല.

3. നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ അവയുടെ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാകു. തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഗുണകരമായ മാറ്റം കണ്ടുതുടങ്ങുമെന്നതുറപ്പാണ്.

4. കോവിഡ് എന്ന മഹാമാരിയെ പ്രാദേശികതലങ്ങളിലെ പ്രവർത്തനങ്ങളിലൂടെ നാം അമർച്ച ചെയ്തതുപോലെ, പ്രാദേശികമായി മുൻപറഞ്ഞ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ക്രമീകരണങ്ങൾ വേണ്ടപ്പെട്ടവർ നടപ്പാക്കിയാൽ അടുത്ത മൂന്നു വർഷങ്ങൾകൊണ്ടു നായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണവിധേയമാക്കുവാൻ നമുക്കു സാധിക്കും. ഇതിനായി പ്രാദേശിക തലങ്ങളിൽ പ്രത്യേകം സെന്ററുകളും പരിശീലനം നൽകപ്പെട്ട പ്രവർത്തകരും സജ്ജരാകണം. ഒപ്പംതന്നെ മറ്റു സന്നദ്ധസംഘടനകളുടേയും പൊതുസമൂഹത്തിന്റേയും കൂട്ടായ യത്നങ്ങൾ ഈ പ്രശ്നത്തെ വരുതിയിലാക്കാൻ അനിവാര്യമാണ്.

5. സംസ്ഥാനത്തൊട്ടാകെയുള്ള തെരുവുനായ്ക്കളുടെ 70 ശതമാനത്തിൽ കൂടുതൽ വന്ധ്യംകരണം നടപ്പാക്കാൻ സാധിച്ചാൽ നല്ലരീതിയിൽ തെരുവുനായ്ക്കൾ പെറ്റുപെരുകുന്നതു കുറക്കുവാനും ഒപ്പം പതിയിരിക്കുന്ന വിപത്തിൽ നിന്നും നാടിനേയും നാട്ടുകാരേയും കരകയറ്റാനും സാധിക്കും.

6. ഇതു സർക്കാരിന്റെ മാത്രം ചുമതലയാണെന്ന നിലയിൽ നമുക്കിതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളും ഈ വിനാശത്തെ അമർച്ച ചെയ്യുവാൻ അനിവാര്യമാണ്. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തോന്നുംപടി അവിടിവിടെ വലിച്ചെറിഞ്ഞു മാലിന്യക്കൂമ്പാരങ്ങളാകുമ്പോൾ ഓർക്കുക, അവിടെയൊക്കെ തെരുവുനായ്ക്കൾ പെറ്റുപെരുകാനുള്ള സാധ്യതകൾ ഏറെയെന്ന സത്യം. മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും അലക്ഷ്യമായി നഗരമധ്യത്തിലോ, വഴിയോരങ്ങളിലോ, റോഡുകളിലോ വലിച്ചെറിയാതെ കൃത്യതയോടെ അവ നിക്ഷേപിക്കേണ്ടിടത്തു നിക്ഷേപിക്കാൻ നമുക്കു ശീലിക്കാം. നല്ല ശീലങ്ങളിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതോടൊപ്പം ഇതുപോലുള്ള അപകടങ്ങളും ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാം.

7. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടും മുടക്കില്ലാതെയും നടപ്പാകണമെങ്കിൽ അനുബന്ധ സംവിധാനങ്ങളും സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും അനിവാര്യമാണ്. അതിനു ഉത്തരവാദിത്തപ്പെട്ടവരുടെ ഇടപെടൽ ചടുലതയിൽ ഉണ്ടാകണം.
അപകടങ്ങൾ ദുരന്തമായി പരിണമിക്കാൻ ഇനിയെങ്കിലും നാം അനുവദിച്ചു കൂടാ. നമ്മുടെ ഇന്നിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദുരന്തങ്ങളുടെ ആവർത്തനമാണ്. ഒരേ സ്വഭാവമുള്ള അപകടങ്ങൾ ഒന്നായി, രണ്ടായി പിന്നീടു വിനാശമായി മാറുന്നു. തുടർന്നു ചർച്ചകളും കുറ്റപ്പെടുത്തലുകളും വിദഗ്ദ്ധാഭിപ്രായങ്ങളും കേസുകളും ഒക്കെ പെരുമഴപോലെ പെയ്യുന്നു. ഒരാഴ്ച കഴിയുമ്പോൾ മഴ തോരുന്നു, വെയിലാകുന്നു. വെയിലിലേക്കു ചർച്ചകൾ വഴിമാറുന്നു. മറ്റൊരു വിഷയവുമായി മാധ്യമങ്ങളും സമൂഹവും സർക്കാരും രാഷ്ട്രീയകക്ഷികളുമെല്ലാം മുന്നോട്ടു പോകുന്നു. അപകടങ്ങൾ ദുരന്തമാകാതിരിക്കാൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികളും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ഇന്ന് അത്യാവശ്യമാണ്.

അല്ലാത്തപക്ഷം...
* തട്ടേക്കാടു താനൂരിലേക്കു വഴിമാറിയതുപോലെ മറ്റൊരു ദുരന്തമുണ്ടാകാം.
* അരിക്കൊമ്പനും ചക്കക്കൊമ്പനുമൊക്കെ നാട്ടിലിറങ്ങിയതു പോലെ കൂട്ടത്തോടെ വന്യമൃഗങ്ങൾ നഗരമധ്യത്തിലിറങ്ങാം.
* മാലിന്യക്കൂമ്പാരങ്ങൾ മനുഷ്യജീവൻ കവരുന്ന ഹൃദയഭേദകക്കാഴ്ച നാം നിസ്സഹായരായി കാണേണ്ടിവരും.
* തെരുവുനായ്ക്കൾ നാടിനെ നിയന്ത്രിക്കുന്ന ഭയാനക ദിനങ്ങൾ വിദൂരമല്ല.

പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കാൻ നമുക്കു പരിമിതികളുണ്ട്, എന്നാൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ വലിയ വേദനയായി നമ്മെ ഗ്രസിക്കാതിരിക്കട്ടെ. പൊതുസമൂഹവും സർക്കാരും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഒറ്റക്കെട്ടായി ഇതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരാം. പേരുപോലെ നമ്മുടെ കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാടായി" തന്നെ നിലനിർത്താം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.