കാനഡയില്‍ വന്‍ വാഹനാപകടം: പ്രായമായവരുമായി സഞ്ചരിച്ച മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

 കാനഡയില്‍ വന്‍ വാഹനാപകടം: പ്രായമായവരുമായി സഞ്ചരിച്ച  മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

ഒട്ടാവ: കാനഡയില്‍ വന്‍ വാഹനാപകടം. കസിനോയിലേക്ക് പുറപ്പെട്ട മിനി ബസും സെമി ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് 170 കിലോമീറ്റര്‍ അകലെ മാനിറ്റോബയിലെ കാര്‍ബെറി പട്ടണത്തിന് സമീപം ട്രക്കും മിനി ബസും കൂട്ടിയിടിക്കുകയായിരുന്നു.

പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും കൊണ്ടുപോകുന്ന ഹാന്‍ഡി-ട്രാന്‍സിറ്റായ ചെറിയ ബസായിരുന്നു അപകടത്തില്‍പെട്ടത്. ബസില്‍ 25 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മിനി ബസ് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.

രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇങ്ങനെയൊരു അപകടം കനേഡിയന്‍ ചരിത്രത്തില്‍ അപൂര്‍വമാണെന്ന് മാനിറ്റോബ ക്രൈം സര്‍വീസ് സൂപ്രണ്ട് റോബ് ലാസണ്‍ പറഞ്ഞു. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ സ്ഥിരീകരിച്ചാല്‍, സമീപകാല കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ റോഡപകടങ്ങളില്‍ ഒന്നായിരിക്കും ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.