ഷാർജ: വാഹനരജിസ്ട്രേഷന്‍ നിശ്ചിത സമയത്ത് പുതുക്കാന്‍ ഓർമ്മിപ്പിച്ച് ഷാർജ പോലീസിന്‍റെ ക്യാംപെയിന്‍. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന റിന്യൂ യുവർ വെഹിക്കിള്‍ ക്യാംപെയിന്‍ വ്യാഴാഴ്ച ആരംഭിച്ചു. നിശ്ചിത സമയത്ത് വാഹനരജിസ്ട്രേഷന്‍ പുതുക്കല്‍ പൂർത്തിയാക്കുന്നവർക്ക് ക്യാംപെയിനിന്‍റെ ഭാഗമായി സമ്മാനങ്ങള്‍ നല്‍കും. മോട്ടോർ ഇൻഷുറൻസ്, വാഹന പരിശോധന, പുതുക്കൽ എന്നിവയ്ക്കായി സമഗ്രപാക്കേജും നല്‍കും. റാഫിദ് മോട്ടോർജിക്, ഇനോക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാംപെയിന്‍.
കൃത്യസമയത്ത് വാഹനരജിസ്ട്രേഷന്‍ പുതുക്കുന്നതിന്‍റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ക്യാംപെയിന്‍റെ ഭാഗമായി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക. വിജ്ഞാനപ്രദമായ മാധ്യമ റിപ്പോർട്ടുകള്‍, വീഡിയോ സന്ദേശങ്ങള്‍ ഉള്‍പ്പടെയുളള പരിപാടികളും ഉണ്ടാകും. കഴിഞ്ഞ വർഷവും ഇത്തരത്തിലുളള ക്യാംപെയിനുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണ കൂടുതല്‍ വിപുലമായി പരിശോധനാകേന്ദ്രങ്ങളോട് സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും ആനുകൂല്യങ്ങളും നല്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യാനാണ് തീരുമാനമെന്നും ഷാർജ വെഹിക്കിള്‍ ലൈസന്‍സിംഗ് ഡിപാർട്മെന്‍റ് ഡയറക്ടർ കേണല്‍ ഖാലിദ് മുഹമ്മദ് പറഞ്ഞു. ഉത്തരവാദിത്തമുള്ള വാഹന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ആദ്യ പകുതിയില്‍ 2,63,804 വാഹനങ്ങളാണ് പരിശോധിച്ചത്. രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ എണ്ണം 3,76,033 ലെത്തി. ഷാർജയിലും മധ്യകിഴക്കന്‍ മേഖലകളിലുമായി 18 വാഹന പരിശോധന കേന്ദ്രങ്ങളുണ്ട്. വാഹനരജിസ്ട്രേഷന്‍ പുതുക്കാനായി ഈ കേന്ദ്രങ്ങളിലെത്താം.
രജിസ്ട്രേഷന്‍ പുതുക്കുന്നതിനുമുന്‍പ് പിഴകളെല്ലാം അടയ്ക്കണം. വാഹനരജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഉടമകള്‍ മടിക്കുന്നത് വലിയ രീതിയിലുളള പിഴകളായിരിക്കാമെന്നുളള വിലയിരുത്തലില്‍ വിവിധ ഇളവുകള്‍ ഷാർജ പോലീസ് നല്‍കാറുണ്ട്. 2023 മാർച്ച് 31 ന് മുന്‍പ് കിട്ടിയ പിഴയടക്കുന്നവർക്ക് ഷാർജ പോലീസ് 50 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. പിഴയിൽ 35 ശതമാനം വരെ ഇളവ് ലഭിക്കാൻ വാഹനമോടിക്കുന്നവരെ അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കിയിരുന്നു. 2023 ഏപ്രിൽ 1 മുതൽ, ലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ വാഹനമോടിക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും.
വാഹനരജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവർ വാഹനങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത കുറയ്ക്കുകയെന്നതും ക്യാംപെയിന്‍ ലക്ഷ്യമിടുന്നു. വാഹനങ്ങളുടെ പുതുക്കൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മൂന്ന് വർഷത്തില്‍ താഴെ പഴക്കമുളള വാഹനങ്ങള്‍ക്ക് ഓണ്‍സൈറ്റ് വാഹന പരിശോധനാ സേവനം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസിലെ അപകട വിഭാഗം ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ഷംസി പറഞ്ഞു. റാഷിദ് സ്മാർട് ആപ്പിലൂടെയോ കോള്‍സെന്‍ററിലൂടെയോ ഓണ്‍സൈറ്റ് പരിശോധനയ്ക്കായി രജിസ്ട്രേഷന്‍ നടത്താം.
വാഹനം പുതുക്കുന്നതിനായി കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുൻനിര ഇൻഷുറൻസ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ പുതുക്കൽ, പരിശോധന, ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പാക്കേജ് നല്‍കുമെന്നും അൽ ഷംസി അറിയിച്ചു. ഷാർജ പോലീസ് ട്രാഫിക് ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്‍റില്‍ നടന്ന വാർത്താസമ്മേളത്തില്‍ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഖാലിദ് അൽ കായ്, ട്രാഫിക് ആന്‍റ് ഡ്രഗ്സ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ ബുഗാനിം, ഡ്രൈവേഴ്സ് ലൈസന്‍സിംഗ് വിഭാഗം തലവന്‍ കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.