ഏഥൻസ്: അനധികൃത കുടിയേറ്റക്കാരുമായി ഇറ്റലി ലക്ഷ്യമാക്കി നീങ്ങിയ ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി 78 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർ. ബോട്ടിൽ ആളുകളുടെ എണ്ണം കൂടുതലായിരുന്നെന്നും പലരും നിന്നാണ് യാത്ര ചെയ്തതെന്നും അപകടത്തിൽ രക്ഷപെട്ടവർ ഡോക്ടർമാരോട് വെളിപ്പെടുത്തി. എഴുപത്തിയെട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. 100 ലധികം കുട്ടികൾക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതായി കണക്കാക്കുന്നു.
ഇപ്പോൾ എല്ലാം ഊഹാപോഹങ്ങളാണ്. പക്ഷേ 500 ഓളം പേരെ കാണാതായിട്ടുണ്ടെന്ന നിഗമനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ബോട്ടിന്റെ പിടിയിൽ പിടിച്ചു നിന്നാണ് പല കുട്ടികളും യാത്ര ചെയ്തതെന്നും പോലീസ് ഇൻസ്പെക്ടർ നിക്കോളാസ് സ്പനൂഡാകിസ് പറഞ്ഞു.
തെക്കൻ പെലോപ്പൊന്നീസ് തീരത്ത് ബോട്ട് മുങ്ങുന്നതിന് മുമ്പ് ബോട്ട് ഡ്രൈവർമാരായ ഒമ്പത് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതിരുന്നതായി ഗ്രീക്ക് അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്ത ഒമ്പത് പേരും പുരുഷന്മാരും ഈജിപ്ഷ്യൻ വംശജരുമാണ്. നൂറുകണക്കിന് ആളുകൾ ഈജിപ്തിൽ നിന്ന് ഇറ്റലിയിലേക്കുള്ള അനധികൃത യാത്രയുടെ സൂത്രധാരന്മാരായി പ്രവർത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കലാമറ്റയിലെ കോസ്റ്റ്ഗാർഡാണ് ഒമ്പത് പേരെയും പിടികൂടിയത്. അവർ കസ്റ്റഡിയിലാണ്, പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുമെന്നും കോസ്റ്റ്ഗാർഡ് വക്താവ് നിക്കോസ് അലക്സിയോ പറഞ്ഞു. ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ അവർക്കെതിരെ ചുമത്താൻ സാധ്യതയുണ്ട്. കപ്പലിന്റെ ക്യാപ്റ്റൻ ഇവരിൽ ഇല്ലായിരുന്നുവെന്നും ബോട്ട് താഴ്ന്നപ്പോൾ അദ്ദേഹം മരണപ്പെട്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രക്ഷപ്പെട്ട 104 പേരും 16നും 40നും ഇടയിൽ പ്രായമുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. തുറമുഖത്തെ ഗോഡൗണിലാണ് മിക്കവരും രാത്രി ചെലവഴിച്ചത്. അവർ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് കലമാറ്റയുടെ ഡെപ്യൂട്ടി മേയർ ജിയോർഗോസ് ഫർവാസ് പറഞ്ഞു. ഞങ്ങൾ സംസാരിക്കുന്നത് യുവാക്കളെക്കുറിച്ചാണ്. പലരും മാനസിക സമ്മർദ്ധത്തിലും തളർച്ചയിലുമാണ്.
വിവിധ രേഗങ്ങളാൽ 30 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പലരെയും ഡിസ്ചാർജ് ചെയ്തു. അപകടത്തിനു പിന്നാലെ സർക്കാർ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂൺ 25 ന് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം താൽക്കാലികമായി നിർത്തിവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.