'കടക്ക് പുറത്ത് മാറി കിടക്ക് അകത്ത് എന്നായി': ഓരോ ദിവസവും മാധ്യമങ്ങള്‍ക്കെതിരെ കേസ്; പരിഹസിച്ച് കെ. മുരളീധരന്‍

'കടക്ക് പുറത്ത് മാറി കിടക്ക് അകത്ത് എന്നായി': ഓരോ ദിവസവും മാധ്യമങ്ങള്‍ക്കെതിരെ കേസ്; പരിഹസിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കില്‍ ഇപ്പോള്‍ ജയില്‍ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തത് എ.കെ.ജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോ എന്നും കെ. മുരളീധരന്‍ ചോദിച്ചു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഓരോ ദിവസം ഓരോ മാധ്യമങ്ങള്‍ക്കെതിരെയുള്ള അന്വേഷണമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും. അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരും. പിണറായിക്കെതിരെ ലാവ്‌ലിന്‍ കേസ് ഉയര്‍ന്നു വന്നപ്പോള്‍ പ്രതികാര നടപടികളിലേക്ക് നീങ്ങരുതെന്നായിരുന്നു കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ നയങ്ങളെ എതിര്‍ക്കുന്ന സി.പി.എം നേതാക്കള്‍ കേരളത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ല എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഒരു പക്ഷെ ഡല്‍ഹിയിലെ എ.കെ.ജി ഭവന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനാലായിരിക്കാം ഇങ്ങനെ ഒരു അടിമ പണി പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എല്ലാ കാലത്തും കേരളം ഭരിക്കാമെന്ന് സി.പി.എം കരുതരുത്. ബംഗാളിലേയും ത്രിപുരയിലേയും അനുഭവത്തില്‍ നിന്നും അവര്‍ അത് പഠിച്ചിട്ടില്ലെന്നാണ് മനസിലാകുന്നതെന്നും കെ. മുരളീധരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.