ഇമിഗ്രേഷന്‍ ഓഫിസറായി റിഷി സുനക്; ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ വ്യാപക റെയ്ഡ്; നൂറിലേറെ പേര്‍ അറസ്റ്റില്‍

ഇമിഗ്രേഷന്‍ ഓഫിസറായി റിഷി സുനക്; ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ വ്യാപക റെയ്ഡ്; നൂറിലേറെ പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ പ്രധാനമന്ത്രി റിഷി സുനക്കിന്റെ നേതൃത്വത്തില്‍ യു.കെ എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായത്. ബ്രിട്ടീഷ് സര്‍ക്കാരാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അനധികൃതമായി ജോലി ചെയ്യല്‍, വ്യാജ രേഖകള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.

കുടിയേറ്റ വിഭാഗത്തിന്റെ അനുമതിയില്ലാതെ റസ്റ്റോറന്റുകള്‍, കാര്‍ വാഷ് കേന്ദ്രങ്ങള്‍, നെയില്‍ ബാറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ചില സ്ഥലങ്ങളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണവും കണ്ടെടുത്തു. ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി കുപ്പായം അഴിച്ചുവെച്ചാണ് റിഷി സുനക് ഇമിഗ്രേഷന്‍ ഓഫിസറായത്. ഉദ്യോഗസ്ഥരോടൊപ്പം ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച് റിഷി സുനക്ക് നോര്‍ത്ത് ലണ്ടനിലെ ബ്രെന്റിലാണ് റെയ്ഡിന്റെ ഭാഗമായത്.

'നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് രാജ്യത്തെയും സത്യസന്ധരായ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. ഇത്തരക്കാര്‍ നികുതി നല്‍കാതെ സര്‍ക്കാരിനെ കബളിപ്പിക്കുകയാണ്. നിയമങ്ങളും അതിര്‍ത്തികളും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ' - ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവര്‍മാന്‍ പറഞ്ഞു.

'കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ അനധികൃതമായി ജോലി ചെയ്യുന്നത് ഒരു പ്രധാന ആകര്‍ഷണമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അറസ്റ്റ് ചെയ്തവരെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല' - സുവെല്ല ബ്രെവര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബ്രിട്ടനില്‍ അനധികൃത കുടിയേറ്റത്തില്‍ 57 ശതമാനം വര്‍ധനയാണുണ്ടായതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ റെയ്ഡുകള്‍ കര്‍ശനമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

'കുടിയേറ്റ നിയമ ലംഘനങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇമിഗ്രേഷന്‍ നിയമം ലംഘിക്കുന്ന വ്യക്തികളെ തിരിച്ചറിയാനാണ് ലക്ഷ്യമിടുന്നത്. കള്ളക്കടത്ത് ഉള്‍പ്പെടെ നടക്കുന്നുണ്ട്' - റെയ്ഡിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് അധികാരമേറ്റപ്പോള്‍ തന്നെ റിഷി സുനക് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടഞ്ഞുവയ്ക്കും. ആഴ്ചകള്‍ക്കുള്ളില്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും. സുരക്ഷിതമാണെങ്കില്‍ അവരുടെ രാജ്യത്തേക്കു തന്നെ തിരിച്ചയക്കും. അല്ലെങ്കില്‍ സുരക്ഷിതമായ മൂന്നാംലോക രാജ്യമെന്ന നിലയില്‍ റുവാണ്ടയിലേക്കോ മറ്റോ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഒരിക്കലും ബ്രിട്ടനിലേക്കു തിരിച്ചെത്താനാകാത്ത വിധമുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും മുന്നറയിപ്പ് നല്‍കിയിരുന്നു.

ബ്രിട്ടനില്‍ നിലവാരം കുറഞ്ഞ ബിരുദ കോഴ്‌സുകള്‍ക്ക് ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 5,04,000 ആണ് ബ്രിട്ടനിലെ ആകെ കുടിയേറ്റക്കാരുടെ എണ്ണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.