കൈകോര്‍ക്കുമോ അമേരിക്കയും ചൈനയും; യു.എസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയില്‍; ചാരബലൂണ്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ചര്‍ച്ച

കൈകോര്‍ക്കുമോ അമേരിക്കയും ചൈനയും; യു.എസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയില്‍; ചാരബലൂണ്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ചര്‍ച്ച

ബീജിങ്: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയില്‍ നിന്നൊരു ഉന്നതതല നയതന്ത്ര ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ക്ക് അയവു വരുത്താനാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയിലെത്തിയത്. ചാര ബലൂണ്‍ വിവാദത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നടക്കേണ്ട സന്ദര്‍ശനം ബ്ലിങ്കന്‍ മാറ്റിവച്ചിരുന്നു.

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം ചൈന സന്ദര്‍ശിക്കുന്ന ഉന്നത യു.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വ്യാപാരം, പ്രാദേശിക സുരക്ഷ, തായ്‌വാന്‍, ദക്ഷിണ ചൈന കടല്‍ തുടങ്ങിയ വിഷയങ്ങളിലാണ് യു.എസും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്.

ആഗോള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിയോജിപ്പുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയെ ഏറെ ആകാംക്ഷയോടെയാണ് മറ്റു രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയെന്ന വിവാദങ്ങളെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ദ്വിദിന സന്ദര്‍ശനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി എന്നിവരുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്താനും ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും വേണ്ടിയുമാണ് ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത്.

'പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് യാത്രയ്ക്കുള്ളത്. 'പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുക, ആശങ്കകളെക്കുറിച്ച് നേരിട്ട് തുറന്ന് സംസാരിക്കുക' - ബീജിങ്ങിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആന്റണി ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ചൈനയുമായി നിലനില്‍ക്കുന്ന മത്സരാന്തരീക്ഷം സംഘര്‍ഷത്തിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചൈനയില്‍ തടവിലാക്കിയ അമേരിക്കന്‍ പൗരന്മാരുടെ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും' - ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

വര്‍ഷാവസാനം നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ഷി ജിന്‍പിങ്ങും ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്ക് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ഫെബ്രുവരിയില്‍ ആന്റണി ബ്ലിങ്കണ്‍ വാഷിങ്ടണില്‍ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് ശേഷം മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചൈനീസ് ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും ചര്‍ച്ച നടത്തിയിരുന്നു. വ്യോമാതിര്‍ത്തിയിലേക്ക് ചാര ബലൂണുകള്‍ അയക്കുന്നത് പോലെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ ചൈന ആവര്‍ത്തിക്കരുതെന്ന് ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. പരമാധികാരത്തിന്റെ ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും എന്നാല്‍, പുതിയൊരു ശീതയുദ്ധം ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.