അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ്; ഭിന്നതകള്‍ക്കിടയിലും ചര്‍ച്ചകള്‍ തുടരാന്‍ ധാരണ

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ്; ഭിന്നതകള്‍ക്കിടയിലും ചര്‍ച്ചകള്‍ തുടരാന്‍ ധാരണ

ബീജിങ്: ചൈനയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയോടെ ചൈനയും യു.എസും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുണ്ടാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ടിയാനന്‍മെന്‍ സ്‌ക്വയറിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ ഷി ജിന്‍പിങ്, ആന്റണി ബ്ലിങ്കനെ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 35 മിനിറ്റ് നീണ്ടുനിന്നു. ഉന്നതതല ആശയവിനിമയമാണ് അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാക്കാനും സംഘര്‍ഷം ഒഴിവാക്കാനുമുള്ള മാര്‍ഗമെന്ന് ചര്‍ച്ചയില്‍ പറഞ്ഞതായി ആന്റണി ബ്ലിങ്കന്‍ പിന്നിട് പ്രതികരിച്ചു.

പൊതുധാരണയോടെ ഇരു രാജ്യങ്ങളും മുന്നോട്ടുപോകുമെന്നാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ചര്‍ച്ച ശരിയായ ദിശയിലാണ് പോകുന്നതെന്നും ചില കാര്യങ്ങളില്‍ ധാരണയിലെത്തിയെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതേസമയം പ്രധാന വിഷയങ്ങളിലെല്ലാം ഭിന്നത തുടരുകയാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു.

മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു ആന്റണി ബ്ലിങ്കനും ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്. വിദേശകാര്യ മന്ത്രിയടക്കം പ്രധാനപ്പെട്ട ചൈനീസ് നേതാക്കളെയെല്ലാം സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ബ്ലിങ്കന്‍ - ഷി കൂടിക്കാഴ്ച.

യു.എസ്.-ചൈനാ ബന്ധത്തിലെ സംഘര്‍ഷത്തിന് അയവുവരുത്താനാണ് ബ്ലിങ്കനെത്തിയത്.
മുന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ബ്ലിങ്കന്‍ സന്ദര്‍ശിച്ചു. ചൈനയ്ക്കു മേല്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണം, സാങ്കേതിക മേഖലയിലെ വികസനം തടസപ്പെടുത്തുന്നത് നിര്‍ത്തണം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്നീ ആവശ്യങ്ങള്‍ വാങ് ഉന്നയിച്ചു. രാജ്യത്തിന്റെ ഐക്യം എന്നത് ചൈനയുടെ പ്രധാന താത്പര്യമാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും തയ്വാന്‍ പ്രശ്‌നമുദ്ദേശിച്ച് വാങ് പറഞ്ഞു.

ഹോങ്കോങ്, ദക്ഷിണ ചൈന കടല്‍, ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായിയിട്ടുണ്ട്. ഉക്രെയ്‌നോട് യുദ്ധംചെയ്യുന്ന റഷ്യക്ക് ആയുധങ്ങള്‍ കൊടുക്കില്ലെന്ന് ചൈന ഉറപ്പുനല്‍കിയതായി ബ്ലിങ്കന്‍ പറഞ്ഞു.

നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് നടന്ന ബ്ലിങ്കന്റെ സന്ദര്‍ശനം മോഡി - ബൈഡന്‍ കൂടിക്കാഴ്ചയിലും പ്രതിഫലിക്കാന്‍ സാധ്യതയേറെയാണ്.

യു.എസും ചൈനയും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് ചെറിയ തോതിലെങ്കിലും അയവു വരുത്താന്‍ ബ്ലിങ്കന്റെ സന്ദര്‍ശനത്തിന് സാധിച്ചുവെന്നാണ് വിലയിരുത്തല്‍. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്നത്.

മുമ്പേ നടക്കേണ്ട സന്ദര്‍ശനം ചാര ബലൂണ്‍ വിവാദം മൂലം വൈകുകയായിരുന്നു. യു.എസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.