തെരുവ് നായ്ക്കളെ കൊല്ലാനായി സുപ്രീം കോടതിയുടെ അനുമതി തേടി; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി

തെരുവ് നായ്ക്കളെ കൊല്ലാനായി സുപ്രീം കോടതിയുടെ അനുമതി തേടി; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി

കണ്ണൂര്‍: അക്രമകാരികളായ തെരുവ് നായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് വധ ഭീഷണി.

മൃഗ സ്‌നേഹികള്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷമായത്. വാട്‌സാപ്പ് സന്ദേശം അടക്കം ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ജനജീവിതം ഭീതിയിലാഴ്ത്തുന്ന തരത്തില്‍ ജില്ലയില്‍ തെരുവ് നായകളുടെ ആക്രമണം വര്‍ദ്ധിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് ജില്ലാ പഞ്ചായത്തിനായി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

കേസ് പരിഗണിച്ച കോടതി തെരുവുനായ ആക്രമണത്തില്‍ ജീവഹാനിയുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് നിരീക്ഷിച്ചു. കണ്ണൂരിലെ മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസമുണ്ടായ തെരുവുനായ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരന് ജീവന്‍ നഷ്ടമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളുടെ മറുപടി പരിശോധിച്ച ശേഷം കേസ് ജൂലൈ 12ന് കോടതി വീണ്ടും പരിഗണിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.