ടൊറന്റോ: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ കുടുങ്ങി കിടക്കുന്ന അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൈറ്റാനിക് അന്തർവാഹിനിയിൽ ഉപയോഗിച്ചത് ആമസോണിൽ നിന്നും വാങ്ങിക്കാൻ കഴിയുന്ന വില കുറഞ്ഞ വീഡിയോ ഗെയിം കൺട്രോളർ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ആമസോണിൽ വെറും 42 പൗണ്ടിന് ( ഏതാണ്ട് 3761 ഇന്ത്യൻ രൂപ) ലഭ്യമായ വിലകുറഞ്ഞ വീഡിയോ ഗെയിം കൺട്രോളറാണ് കാണാതായ ഓഷ്യൻ ഗേറ്റ് ടൈറ്റൻ സബ്‌മെർസിബിൾ പ്രവർത്തിപ്പിക്കുന്നതെന്ന് ബിബിസി, ദി മിറർ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം ടൈറ്റനിലെ ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പേടകത്തിനുള്ളിലെ ഓക്‌സിജൻ തീരാറാകുന്നു എന്നത് കൂടുതൽ ആശങ്കയ്ക്ക് വഴിവെക്കുകയാണ്. വളരെ കുറിച്ച് മണിക്കൂറുകൾ മാത്രം ഉപയോഗിക്കാൻ ആവശ്യമായ ഓക്‌സിജനെ നിലവിൽ പേടകത്തിനുള്ളിൽ ഉള്ളതെന്നാണ് വിവരം.
നാസയുടെ മാർഷൽ സ്പേസ് സെന്ററിലെ എൻജിനീയർമാരുടെ അടക്കം വിദഗ്ധാഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൈറ്റൻ രൂപകൽപന ചെയ്തിരിക്കുന്നത്. യാത്രക്കാർ ഉള്ളിൽക്കയറിയ ശേഷം പുറത്തുനിന്ന് 17 ബോൾട്ടുകൾ ഉപയോഗിച്ചാണ് ടൈറ്റന്റെ വാതിൽ അടയ്ക്കുന്നത്. പിന്നീട് ജലോപരിതലത്തിൽ എത്തിയാലും പുറത്തുനിന്നുള്ളവർ ഈ ബോൾട്ടുകൾ അഴിച്ചാൽ മാത്രമേ ഉള്ളിലുള്ളവർക്ക് പുറത്തെത്താനാകൂ. അതിനാൽത്തന്നെ ഏതെങ്കിലും വിധത്തിൽ ജലോപരിതലത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, തെരച്ചിൽ സംഘത്തിന്റെ കണ്ണിൽപ്പെട്ടാൽ മാത്രമേ ടൈറ്റനിലെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ.
ടൈറ്റൻ സമുദ്ര പേടകം കണ്ടെത്തിയാലും രക്ഷാ പ്രവർത്തനം ദുഷ്‌കരമായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പേടകം ജലോപരിതലത്തിലേക്ക് ഉയർത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടാകാമെന്നും ഇത്തരത്തിൽ ഉയർന്നു വരികയാണെങ്കിൽ തന്നെ ആശയ വിനിമയ സംവിധാനം നഷ്ടമായ ചെറു പേടകം കണ്ടെത്തുക വളരെയധികം ശ്രമകരമാണെന്നും മറൈൻ എൻജീനിയറിംഗ് പ്രഫസർ അലിസ്റ്റെയർ ഗ്രേഡ് പറഞ്ഞു.
അതിനിടെ കടലിൽ ടൈറ്റാനിക് അവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് ശബ്ദം പിടിച്ചെടുത്തുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഇത് ടൈറ്റനിൽ നിന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. നിലവിൽ ശബ്ദത്തിന്റെ ഉറവിടം ലക്ഷ്യമാക്കിയാണ് തിരച്ചിൽ തുടരുന്നത്. കാനഡയുടെ പി-3 വിമാനമാണ് സോണാർ ബോയകളുടെ സഹായത്തോടെ ശബ്ദം പിടിച്ചെടുത്തത്. എന്തിലോ അടിക്കുന്നത് പോലുള്ള ശബ്ദം 30 മിനിറ്റ് ഇടവിട്ട് രണ്ട് മൂന്ന് തവണ കേട്ടു. ഉപരിതലത്തിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന ആളില്ലാ ചെറു സമുദ്രവാഹനങ്ങളാണ് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്. ഫ്രഞ്ച് കപ്പലായ അറ്റ്‌ലാൻഡെയിലെ ഇത്തരം വാഹനത്തിന് അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ട് വരെ എത്താനുള്ള ശേഷിയുണ്ട്. എന്നാൽ ടൈറ്റൻ ഗതി മാറിപ്പോയിട്ടുണ്ട് എങ്കിൽ കണ്ടെത്തുക ദുഷ്‌കരമായിരിക്കും.
ഇതുവരെ 20,000 ചതുരശ്ര കിലോമീറ്റർ മേഖലയിൽ തിരച്ചിൽ നടത്തിക്കഴിഞ്ഞു. കൂടുതൽ കപ്പലുകളും വിമാനങ്ങളും ദൗത്യത്തിൽ ചേർന്നിട്ടുണ്ട്. 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. ഇവിടെ അതിമർദ്ദം ഉള്ളതിനാൽ തന്നെ ടൈറ്റന് വിള്ളൽ വീണിട്ടുണ്ടെങ്കിൽ ശക്തമായ മർദ്ദത്തെ അതിജീവിക്കാൻ സാധിക്കില്ലെന്നും വിദഗ്ധർ പരാമർശിച്ചിട്ടുണ്ട്.
ഓഷൻ ഗേറ്റ് ടൈറ്റൻ സമുദ്രപേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് 3.30-നാണ് മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനുള്ളിലാണ് ആശയ വിനിമയം നഷ്ടമാകുന്നത്. അന്ന് നാല് ദിവസത്തേക്കുള്ള ഓക്‌സിജനായിരുന്നു പേടകത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയോടെ പോടകത്തിലെ ഓക്‌സിജൻ തീരും. ഇതിന് മുൻപ് പേടകം കണ്ടെത്തിയാൽ മാത്രം പോരാ അഞ്ച് ജീവനുകൾ കൂടി രക്ഷിക്കണം.
ദുബായിലെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്‌ട്രാ കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെന്റി നാർസലേ, ഓഷൻ ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്‌റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.