ചൈനയിലെ ബാർബി ക്യൂ റസ്റ്ററന്റിൽ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു

ചൈനയിലെ ബാർബി ക്യൂ റസ്റ്ററന്റിൽ സ്ഫോടനം; 31 പേർ കൊല്ലപ്പെട്ടു

ബെയ്ജിങ്: വടക്കൻ ചൈനയിലെ യിൻച്വാൻ പ്രവിശ്യയിലെ ബാർബി ക്യൂ റസ്റ്ററന്റിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരുക്കേറ്റു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റസ്റ്ററന്റിനുള്ളിലെ ഗ്യാസ് ടാങ്കിന്റെ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച രാത്രി 8.40 ഓടെയാണ് റസ്റ്ററന്റിൽ സ്ഫോടനമുണ്ടായത്. ഫുയാങ് ബാർബിക്യൂ റസ്റ്ററന്റിന്റെ ഉടമയേയും പോലീസ് കസ്റ്റഡിയിലെടുത്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിനെ തുടർന്ന് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മൂന്ന് ദിവസത്തെ ദേശീയ പൊതു അവധി ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് പൊള്ളലേറ്റും ഗ്ലാസ് പൊട്ടിത്തെറിച്ചുമാണ് പലർക്കും പരുക്കേറ്റത്.

അപകടത്തിന് പിന്നാലെ അഗ്നിശമന സേനാ അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടു. റസ്റ്ററന്റിന്റെ മുൻ ഭാഗത്തെ ദ്വാരങ്ങളിലൂടെ പുക പുറത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. ദിവസവും നിരവധി പേരെത്തുന്ന ഈ പ്രദേശത്ത് നിരവധി റസ്റ്ററന്റുകൾ സ്ഥിതി ചെയ്യുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, വാതക, രാസ സ്ഫോടനങ്ങൾ ഉൾപ്പെടുന്ന സംഭവങ്ങൾ നിർഭാഗ്യവശാൽ ചൈനയിൽ സാധാരണമാണ്. 2015ൽ വടക്കൻ തുറമുഖ നഗരമായ ടിയാൻജിനിൽ നടന്ന സ്ഫോടന പരമ്പരയിൽ 173 പേർ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.