സിഡ്‌നി: കഞ്ചാവിന്റെ വ്യക്തിഗത ഉപയോഗം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുകള്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന പാര്‍ലമെന്റുകളില്‍ അവതരിപ്പിച്ച് ലീഗലൈസ് കാനബിസ് പാര്‍ട്ടി. വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പാര്‍ലമെന്റുകളിലാണ് കഞ്ചാവ് എന്ന വിപത്തിനെ നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ബില്ലുകള്‍ അവതരിപ്പിച്ചത്. കഞ്ചാവിന്റെ പരസ്യമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടി. അതേസമയം, പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ബില്‍ നിയമമാകാന്‍ ഇടയില്ല.
ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ ദിവസം ഒരേ ബില്‍ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റിലെ ഉപരി സഭകളിലാണ് ബില്‍ അവതരിപ്പിച്ചത്. ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.
ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് കഞ്ചാവ് കൈവശം വയ്ക്കാനും സ്വകാര്യ ആവശ്യത്തിനായി ആറു ചെടികള്‍ വരെ വീടുകളില്‍ വളര്‍ത്താനും അനുവാദം ലഭിക്കുമെന്ന് ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ ന്യൂ സൗത്ത് വെയില്‍സിലെ ഉപരിസഭാംഗം ജെറമി ബക്കിംഗ്ഹാം പറഞ്ഞു. കഞ്ചാവ് ചെറിയ അളവില്‍ മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാനും ബില്ലിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നുണ്ട്.
അതേസമയം, 18 വയസിന് താഴെയുള്ളവര്‍ക്ക് കഞ്ചാവ് കൈവശം വയ്ക്കാനാകില്ല. ലഹരി ഉപയോഗിച്ച ശേഷമുള്ള ഡ്രൈവിംഗും അനുവദിക്കില്ല.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ കഞ്ചാവുമായി ബന്ധപ്പെട്ട 700,000 കുറ്റകൃത്യങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയാല്‍ ഇതു കുറയ്ക്കാനാകുമെന്നാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ വാദം. ബില്‍ പാസായാല്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കും.
ഓരോ വര്‍ഷവും അനധികൃത കഞ്ചാവ് വിപണിയില്‍ എട്ടു ബില്യണ്‍ ഡോളര്‍ ലാഭമാണ് ഉണ്ടാകുന്നത്. ഇത് സംഘടിത കുറ്റകൃത്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
'വീട്ടില്‍ കഞ്ചാവ് ഉപയോഗിക്കുന്ന ധാരാളം രാഷ്ട്രീയക്കാരുണ്ടെന്ന് വിക്ടോറിയയിലെ ലീഗലൈസ് കാനബിസ് എംപി ഡേവിഡ് എറ്റര്‍ഷാങ്ക് വെളിപ്പെടുത്തി.
കഞ്ചാവ് ഉല്‍പന്നങ്ങള്‍ക്കായി ഒരു നിയന്ത്രിത വിപണി സൃഷ്ടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ ഉപരിസഭാംഗം ബ്രയാന്‍ വാക്കര്‍ പറഞ്ഞു.
അതേസമയം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കഞ്ചാവ് കാരണമാകുമെന്ന് ബ്രയാന്‍ വാക്കര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പുകയിലയും മദ്യവും കൂടുതല്‍ ദോഷകരമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.