ഉക്രെയ്നില്‍ മാനുഷിക സഹായം എത്തിക്കുന്ന വാനിനു സമീപം കര്‍ദിനാള്‍ ക്രാജെവ്സ്‌കി
വത്തിക്കാന്‍ സിറ്റി: യുദ്ധഭൂമിയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി ആറാം തവണയും ഉക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. മാര്‍പ്പാപ്പയുടെ നിര്‍ദേശപ്രകാരമാണ് പേപ്പല്‍ അല്‍മോണറായി സേവനമനുഷ്ഠിക്കുന്ന കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി ഉക്രെയ്‌നിലെ തെക്കന്‍ ഖേഴ്‌സണ്‍ മേഖലയിലേക്കു പോകുന്നത്. ഈ മേഖലയിലാണ് ഡാം തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെതുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കുന്നത്.
'ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം ആയിരിക്കുക, അവരോടൊപ്പം പ്രാര്‍ത്ഥിക്കുക, മാര്‍പാപ്പയുടെ ആലിംഗനവും മൂര്‍ത്തമായ പിന്തുണയും അവര്‍ക്കു നല്‍കുക എന്നതാണ് കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കിയുടെ ദൗത്യം' - വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ദി സര്‍വ്വീസ് ഓഫ് ചാരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏറ്റവും അത്യാവശ്യമായ മരുന്നുകളുമായാണ് കര്‍ദിനാള്‍ വാനില്‍ ഉക്രെയ്‌നിലേക്കു പോകുന്നത്. യാത്രാ വേളയില്‍ കത്തോലിക്കാ ഇടവകകളും ഓര്‍ത്തഡോക്‌സ് മതസമൂഹങ്ങളും സന്ദര്‍ശിക്കുമെന്നാണു വിവരം.
'അണക്കെട്ട് തകര്‍ന്നതു മൂലം അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ഭക്ഷണവും മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും അടങ്ങിയ രണ്ടാമതൊരു ട്രക്കും എത്തിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. കര്‍ദിനാള്‍ ക്രാജെവ്സ്‌കിയുടെ ദൗത്യം സുവിശേഷവല്‍ക്കരിക്കപ്പെട്ടതും ഉക്രെയിനിലെ പീഡിത ജനവിഭാഗങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കരുതലിനെ എടുത്തുകാട്ടുന്നതുമാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയതിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇതിനകം അഞ്ചു തവണ കര്‍ദിനാള്‍ ക്രാജെവ്സ്‌കിയെ അവടേക്ക് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ യാത്രകളിലൊന്നില്‍, സപോരിജിയ നഗരത്തിനു സമീപം മാനുഷിക സഹായം നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. 2022-ലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള ദിനങ്ങളില്‍ ഉക്രെയ്‌നിലെ ഒന്നിലധികം കൂട്ടക്കുഴിമാടങ്ങള്‍ക്കു സമീപം അദ്ദേഹം പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.