പുടിന്‍ അട്ടിമറി ഭീഷണിയില്‍; കൂലിപ്പട്ടാളം തിരിഞ്ഞുകുത്തി; പട്ടാള കേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായി വാഗ്‌നര്‍ ഗ്രൂപ്പ്

പുടിന്‍ അട്ടിമറി ഭീഷണിയില്‍; കൂലിപ്പട്ടാളം തിരിഞ്ഞുകുത്തി; പട്ടാള കേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായി വാഗ്‌നര്‍ ഗ്രൂപ്പ്

മോസ്‌കോ: റഷ്യന്‍ സര്‍ക്കാറിന്റെ കൂലിപ്പട്ടാളമായി അറിയപ്പെടുന്ന വാഗ്‌നര്‍ ഗ്രൂപ്പ് തിരിഞ്ഞുകുത്തിയതോടെ വ്‌ളാഡിമിര്‍ പുടിന്‍ അട്ടിമറി ഭീഷണിയില്‍. പുടിന്റെ സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പ് രാജ്യത്ത് കലപം അഴിച്ചുവിടാന്‍ തീരുമാനിച്ചതോടെ റഷ്യ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ക്രംലിനില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി. മോസ്‌കോയില്‍ ടാങ്കുകള്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മോസ്‌കോയില്‍ നടക്കാനിരുന്ന പ്രധാന പൊതുപരിപാടികളെല്ലാം മാറ്റിവച്ചു.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് എതിരെ സൈനിക നടപടി ആരംഭിച്ചതായി വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷിന്‍ പ്രഖ്യാപിച്ചു. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ സേനയാണ് വാഗ്‌നര്‍ ഗ്രൂപ്പ്.

ദക്ഷിണ റഷ്യയിലെ റോസ്‌തോവ്-ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോഷി വീഡിയോയിലൂടെ അവകാശപ്പെട്ടത്. 25,000ത്തിലേറെ വാഗ്‌നര്‍ സൈനികര്‍ അതിര്‍ത്തിയിലെ റോസ്‌തോവിലെത്തിയെന്നാണ് പ്രിഗോഷിന്റെ അവകാശവാദം. വ്യോമതാവളം അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് വാഗ്‌നര്‍ സേന അവകാശപ്പെടുന്നത്.

അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് പുടിന്‍, പ്രിഗോഷി രാജ്യത്തെ ഒറ്റിയെന്ന് പ്രഖ്യാപിച്ചു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിക്കുന്ന എല്ലാവര്‍ക്കും കനത്ത ശിക്ഷ നേരിടേണ്ടിവരും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അത് അവസാനിപ്പിക്കണം. പാശ്ചാത്യരുടെ മുഴുവന്‍ സൈനിക, സാമ്പത്തിക, യന്ത്രങ്ങളും നമുക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. ഇത്തരമൊരു സമയത്ത് ഒരു സായുധ കലാപം റഷ്യക്ക് ഒരു പ്രഹരമാണ് - പുടിന്‍ പറഞ്ഞു.

തങ്ങളുടെ സൈന്യത്തിന് നേര്‍ക്ക് റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയെന്ന് കഴിഞ്ഞദിവസം പ്രിഗോഷി പറഞ്ഞിരുന്നു. റഷ്യ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ വാഗ്‌നര്‍ ഗ്രൂപ്പ്, ബാഖ്മുത് അടക്കമുള്ള ഉക്രെയ്ന്‍ നഗരങ്ങള്‍ പിടിച്ചെടുത്തിരുന്നു.

അടുത്തിടെയായി റഷ്യയും വാഗ്‌നര്‍ സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായിരുന്നു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വാഗ്‌നര്‍ മേധാവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി (ഠഅടട) റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേധാവിയെ അനുസരിക്കരുതെന്ന നിര്‍ദേശവും റഷ്യ വാഗ്‌നര്‍ സൈനികര്‍ക്ക് നല്‍കി. ഇതിനു പിന്നാലെയാണ് വാഗ്‌നര്‍ സൈന്യം സായുധ വിപ്ലവത്തിനായി മോസ്‌കോയിലേക്ക് നീക്കം തുടങ്ങിയത്.

വാഗ്‌നര്‍ സൈന്യം റഷ്യന്‍ നഗരമായ റോസ്തോവില്‍ പ്രവേശിച്ചതായി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഓഡിയോ റെക്കോര്‍ഡിലൂടെയാണ് പ്രിഗോഷിന്‍ അറിയച്ചത്. ആര് തടസം നിന്നാലും അവരെ നശിപ്പിക്കുമെന്നായിരുന്നു പ്രിഗോഷിന്റെ വാക്കുകള്‍. റഷ്യ വ്യോമാക്രമണത്തിലൂടെ വാഗ്‌നര്‍ ഗ്രൂപ്പിലെ നിരവധി സൈനികരെ കൊലപ്പെടുത്തിയെന്നും പ്രിഗോഷിന്‍ ആരോപിച്ചു. സൈനിക അട്ടിമറി നടത്താനുള്ള നീക്കമല്ല വാഗ്‌നറിന്റേതെന്നും ഓഡിയോയിലുണ്ട്. 25,000ത്തിലേറെ സൈനികര്‍ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ശബ്ദ സന്ദേശം പ്രിഗോഷിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.