ജൂണ്‍ 23 മുതല്‍ ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര സ്ട്രീമിങ് ആരംഭിച്ചു. ഒരു കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളാണ് ആറ് എപ്പിസോഡുകളിലായി പറയുന്നത്.
2011 ലാണ് ഈ സംഭവം നടക്കുന്നത്. എറണാകുളമാണ് കഥാ പാശ്ചാത്തലം. എറണാകുളത്തെ ഒരു ലോഡ്ജില്‍ ഒരു വേശ്യയുടെ മരണം. ശ്വാസം മുട്ടിച്ചുള്ള അവരുടെ മരണം കൊലപാതകം ആണെന്ന് പ്രഥമ ദൃഷ്ടിയാല്‍ കണ്ടെത്തുന്നു.
ഇതിലെ രസകരമായ ഒരു വിഷയം എന്ന് പറഞ്ഞാല്‍ പ്രതിയുടെ മേല്‍വിലാസം തന്നെയാണ്. പല ലോഡ്ജുകളിലായി താമസിച്ച് പല -പല ജോലികള്‍ ചെയ്തു വന്ന ഒരു കോങ്കണ്ണുള്ള വ്യക്തി. ഇയാളുടെ കോങ്കണ്ണ് വെബ് സീരീസിനെ ഭംഗിയായി മുന്നോട്ടു നയിച്ചു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. ഓരോ എപ്പിസോഡിലും ഇയാളെ പറ്റി പറയാത്ത പരാമര്‍ശങ്ങള്‍ ഇല്ല. ഷിജു, പാറയില്‍ വീട് , നീണ്ടകര എന്നായിരുന്നു ആ വിലാസം. പക്ഷേ ഈ പ്രതിയെ പിടിക്കുന്നത് ശരിക്കും പൊലീസിന് നല്ല പോലെ പ്രയാസം നേരിടേണ്ടി വന്നു.
ഈ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് യാതൊരു വിധ സമ്മര്‍ദ്ദങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങളും ഒന്നുമില്ലായിരുന്നു. വേണമെങ്കില്‍ പൊലീസിന് ഈ കേസ് ഒരിക്കലും കണ്ടെത്താനാകാത്ത കേസുകളിലേക്ക് തള്ളി വിടാമായിരുന്നു.
എന്നാല്‍, ഈ കേസ് എഴുതിത്തള്ളാതെ ആ പ്രതിയെ കണ്ടെത്തണം എന്നുള്ള വാശിയായിരുന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുര്യനും എസ്.ഐ മനോജിനും സംഘത്തിനും ഉണ്ടായിരുന്നത്. അന്വേഷണ സംഘത്തില്‍ പ്രദീപ്, സുനില്‍, വിനു എന്നീ മൂന്ന് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെട്ടിരുന്നു.
ഇതിലെ കോണ്‍സ്റ്റബിള്‍മാര്‍ അവരുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ ഭംഗിയായി പ്രേക്ഷകരോട് അവതരിപ്പിച്ചു. ഒരാള്‍ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്വപ്നങ്ങള്‍ കാണുമ്പോള്‍ മറ്റൊരാള്‍ക്ക് ഭാര്യയുടെ പ്രസവ സമയത്ത് വന്ന് കേസ് തീര്‍ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നത് ഭംഗിയായി അവതരിപ്പിച്ചു.
വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്ന് വിചാരിക്കുന്ന ഒരു കൊലപാതക കേസ്. എന്നാല്‍ പ്രതിയെ പിടിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യവും പൊലീസുകാര്‍ അനുഭവിക്കേണ്ടി വരുന്ന മാനസികമായ സമ്മര്‍ദങ്ങളും ചിത്രം പറഞ്ഞുവെക്കുന്നു. ആ അവസ്ഥ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
സിഐ കുര്യനായി ലാലും, എസ്‌ഐ മനോജായി അജു വര്‍ഗീസും തകര്‍ത്തഭിനയിച്ചു. ഇതിലെ എസ്.ഐ മനോജിന്റെ വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ വരുന്ന ഒരു കേസ് ആയതിനാല്‍ ഭാര്യക്കൊപ്പം സമയം ചെലവഴിക്കാന്‍ പറ്റാത്ത വിഷമങ്ങള്‍ ഫോണിലെ മെസേജിലൂടെ കൈമാറുന്ന രംഗമുണ്ട്. ഇത് സത്യത്തില്‍ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ കൂടിയാണ്. ആശയവിനിമയം പുലര്‍ത്തുന്നതില്‍ സ്മാര്‍ട്ട് ഫോണിന്റെ ഒരു പങ്കും സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നു.
ജീവിതത്തിലെ നല്ല സമയങ്ങളില്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ പൊലീസില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പറ്റുന്നില്ലന്നെ യാഥാര്‍ത്ഥ്യം സമൂഹത്തെ ഉദ്‌ബോധിപ്പിക്കാനുള്ള ശ്രമം സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. എല്ലാം മറന്ന് ജോലിയില്‍ വ്യാപൃതരാവുന്നതില്‍ ഇവര്‍ കാട്ടുന്ന സന്നദ്ധത പറയാതെ പറയുന്നു.
പുതുമോടി മാറുന്നതിനു മുമ്പ് വന്ന കേസ് ആയതിനാല്‍ ജോലിയില്‍ വ്യാപൃതനാകുന്ന എസ്.ഐയെ നവവധു കൃത്യമായി മനസിലാക്കി ആ സാഹചര്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ ചെറിയ സമയ പരിധിക്കുള്ളിലെങ്കിലും കാണിക്കുന്നു.
എസ്‌ഐയുടെ ഭാര്യ പിതാവ് കോങ്കണ്ണ് ഉള്ള വ്യക്തിയായതിനാല്‍ അദ്ദേഹം നേരിടുന്ന പ്രശ്‌നങ്ങളിലൂടെ കോങ്കണ്ണുള്ള പ്രതിയുടെ മാനസിക സംഘര്‍ഷത്തെ സമൂഹത്തിന് മുന്നില്‍ പറഞ്ഞ് കൊടുക്കാനുള്ള ശ്രമവും സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു.
അഹമ്മദ് കബീറാണ് ആറ് എപ്പിസോഡുകള്‍ ഉള്ള ഈ കുറ്റാന്വേഷണ വെബ് സീരീസ് സംവിധാനം ചെയ്തത്. രാഹുല്‍ റിജി നായരാണ് നിര്‍മാണം. കഥാകൃത്ത് ആഷിക് ഐമറാണ് പരമ്പരയുടെ രചയിതാവ്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി കണ്ണട ബംഗാളി മറാട്ടി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിലുള്ള വെബ് സീരീസ് കണ്ടിട്ടുള്ള മലയാളികള്‍ക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചാ അനുഭവം സമ്മാനിക്കുന്നതാണിത്. സുന്ദരമായ ഒരു കേസ് അന്വേഷണത്തിന് കഥ പറഞ്ഞ് മലയാളത്തിലെ ഈ വെബ് സീരീസായ കേരള ക്രൈം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നും മലയാളികളുടെ മനസില്‍ ഇടം പിടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.