ഇന്ന് ലോക ലഹരിവിരുദ്ധ ദിനം; മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ ഒന്നിച്ച് പോരാടാം

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം; മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ ഒന്നിച്ച് പോരാടാം

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്റെ ഉപയോഗത്തിനും ലഹരി കടത്തിനും എതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് നല്‍കുന്ന ദിനം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ആളുകളെ ബോധവാന്മാരാക്കുക അതിനെതിരെയുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ലഹരി വിപത്തിനെതിരെ മാനവരാശിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1987 ജൂണ്‍ 26 മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചച്ച് വരുന്നത്. മനുഷ്യന് മുന്‍ഗണന: മുന്‍ധാരണകളും വിവേചനവും മാറ്റുക, പ്രതിരോധം ശക്തമാക്കുകയെന്നാണ് ഇത്തവണത്തെ പ്രമേയം.

ഇന്ത്യയിലും ലഹരി ഉപയോഗം കൂടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. രാജ്യത്തിന്റെ ഭാവിയായ യുവതയിലാണ് മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലായി കാണപ്പെടുന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഓരോ ദിവസവും രാജ്യത്ത് മയക്കുമരുന്ന് കടത്തും ലഹരിയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും കൂടിവരുകയാണ്.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പ്രായഭേദമില്ലാതെ സമൂഹത്തെയൊന്നാകെ ലഹരി വിപത്ത് കാര്‍ന്ന് തിന്നുന്ന ഭീകരമായ അവസ്ഥയിലൂടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നത്. ലഹരി വസ്തുക്കളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും കുട്ടികളും യുവജനങ്ങളുമാണെന്നത് ഈ വെല്ലുവിളിയുടെ ആഘാതം വര്‍ധിപ്പിക്കുന്നു.

കൊക്കെയ്ന്‍, മാരിജുവാന, കനാബിസ്, ആംഫെറ്റമിന്‍, എക്സ്റ്റസി, ലൈസര്‍ജിക് ആസിഡ് ഡൈതൈലമൈഡ് (എല്‍എസ്ഡി), മെത്തലീന്‍ ഡയോക്‌സി മെത്താംഫെറ്റമിന്‍ (എംഡിഎംഎ) എന്നിവയാണ് ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായിരിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍. ഇവയുടെ ഉപയോഗം നാഡീവ്യൂഹത്തെയും മാനസിക ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമേ ആത്മഹത്യയിലേക്കുവരെ നയിക്കുന്നു.

ഏതൊരു ലഹരിപദാര്‍ഥവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തലച്ചോറിനെയാണ്. തലച്ചോറിന്റെ സങ്കീര്‍ണമായ ഘടനയിലേക്ക് ലഹരി പദാര്‍ഥങ്ങള്‍ എത്തുമ്പോള്‍ റിഫ്‌ലക്‌സ് പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നു. തുടര്‍ന്ന് ഓര്‍മക്കുറവ്, ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ മുതല്‍ മസ്തിഷ്‌കാഘാതം വരെ സംഭവിച്ചേക്കാം.

രക്ഷിതാക്കളിലെ ചെറിയൊരു ശ്രദ്ധക്കുറവ് പോലും കുട്ടികളെ മയക്കുമരുന്നിന് അടിമപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേക്കാം. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അമിത ദേഷ്യം, തലവേദന, ശരീരം മെലിയല്‍, കണ്ണുകള്‍ ചുവന്നിരിക്കുക, ദേഹത്ത് രക്തം വരുന്നത് ഉള്‍പ്പെടെയുള്ള മുറിപ്പാടുകള്‍, പഠനത്തില്‍ പെട്ടെന്നുണ്ടാകുന്ന പിന്നാക്കാവസ്ഥ എന്നിവ ലഹരി ഉപയോഗത്തിന്റെ ലക്ഷണമായേക്കാം.

വീട്ടുകാരോട് അകല്‍ച്ച കാണിക്കുന്നതും സംസാരിക്കാന്‍ വിസമ്മതിക്കുന്നതും ദീര്‍ഘനേരം വാതില്‍ അടച്ച് മുറിയില്‍ ഇരിക്കുന്നതുമെല്ലാം സൂക്ഷിക്കേണ്ട കാര്യങ്ങളാണ്. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താതെ തുറന്ന് സംസാരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും തയാറാകണം.

ലഹരിക്ക് അടിമപ്പെടുന്നവരെ ക്ഷമയോടെ പരിചരിച്ച് നമുക്ക് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. ഒറ്റക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല. എന്നാല്‍ കൗണ്‍സലിങ്ങും ബിഹേവിയര്‍ തെറപ്പികളും വളരെ ഫലവത്തായ മാര്‍ഗങ്ങളാണ്. കേരളത്തിലെ 14 ജില്ലകളിലും വിമുക്തി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങളിലും തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിവിമോചന ചികിത്സ ലഭ്യമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.