കെനിയയില്‍ അല്‍-ഷബാബ് ഭീകരരുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ അഗ്‌നിക്കിരയാക്കി

കെനിയയില്‍ അല്‍-ഷബാബ് ഭീകരരുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ അഗ്‌നിക്കിരയാക്കി

നയ്‌റോബി: കെനിയയില്‍ അല്‍-ഷബാബ് ഭീകരരുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി. അല്‍ ക്വയ്ദയുമായി ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍-ഷബാബിലെ അംഗങ്ങള്‍ ജൂണ്‍ 24-നാണ് ആക്രമണം നടത്തിയത്.

സൊമാലിയയുമായി അതിര്‍ത്തി പങ്കിടുന്ന ലാമു കൗണ്ടിയിലെ സലാമ, ജുഹുദി ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്. രാത്രി എട്ടു മണിയോടെ തോക്കുധാരികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഗ്രാമത്തിലെ മൂപ്പന്‍ പറഞ്ഞു. 'ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും തീവ്രവാദികള്‍ ആളുകളെ കൊല്ലുകയും വീടുകള്‍ക്ക് തീയിടുകയും കന്നുകാലികളെ ആക്രമിക്കുകയും ചെയ്തിരുന്നു. അഞ്ചു പേരുടെ മരണം അപ്പോള്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. അഞ്ചു പേരെയും കയറു കൊണ്ട് ബന്ധിച്ച് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്' - പൊലീസ് പറഞ്ഞു.

സ്ത്രീകളെ വീടുകളില്‍ പൂട്ടിയിട്ട് പുരുഷന്മാരെ പുറത്താക്കിയാണ് കൊലപ്പെടുത്തിയത്. മരിച്ച അഞ്ചു പേരില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'അയല്‍വാസിയുടെ വീട്ടില്‍ നിന്ന് നിലവിളി ഉയരുകയും പെട്ടെന്നു തന്നെ വീട് കത്തിനശിക്കുകയും ചെയ്തു. ഞാന്‍ എന്റെ കൃഷിയിടത്തില്‍ ഒളിച്ചിരുന്നാണ് രക്ഷപെട്ടത്. 20 പേരടങ്ങുന്ന സംഘം തൊഴുത്തില്‍ നിന്ന് എന്റെ ഏഴ് ആടുകളെ അഴിച്ചുകൊണ്ടു പോയി' - സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ വ്യക്തി പറഞ്ഞു. ഭക്ഷണസാധനങ്ങളും എടുത്തുകൊണ്ട് പോയി.

സൊമാലിയയുമായുള്ള കെനിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലാമുവില്‍ അല്‍-ഷബാബ് വിമതര്‍ പതിവായി ആക്രമണം നടത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.