ന്യൂഡല്‍ഹി: 2004 ല്‍ നടപ്പാക്കിയ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും പെന്‍ഷന്‍ ലഭിക്കുംവിധം പദ്ധതിയില്‍ മാറ്റം വരുത്തുമെന്നാണ് സൂചന. വിഷയം പരിശോധിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെങ്കിലും എന്‍.പി.എസ് വലിയ രാഷ്ട്രീയ വിഷയം കൂടിയായതോടെയാണ് പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നത്. പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ തീരുമാനമുണ്ടാകും.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരികെ പോയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഭരണം നഷ്ടപ്പെടാന്‍ കാരണമായ വിഷയങ്ങളിലൊന്ന് എന്‍.പി.എസാണ്. പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നായിരുന്നു അവിടെ അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനം. പഴയ പദ്ധതി പ്രകാരം അവസാന ശമ്പളത്തിന്റെ പകുതിയാണ് പെന്‍ഷന്‍.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിയത്. ഈ വര്‍ഷം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കും അടുത്ത വര്‍ഷം ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്‍.പി.എസ് തിരിച്ചടിയാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എന്‍.പി.എസ് പുനപരിശോധിച്ച് ഭേദഗതികള്‍ ശുപാര്‍ശ ചെയ്യാന്‍ ടി.വി സോമനാഥന്‍ കമ്മിറ്റിയെ കേന്ദ്രം ഏപ്രിലില്‍ നിയോഗിച്ചിരുന്നു.
നിലവിലെ എന്‍.പി.എസ് പ്രകാരം ജീവനക്കാര്‍ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനവും സര്‍ക്കാര്‍ 14 ശതമാനവും സഞ്ചിത നിധിയിലേക്ക് അടയ്ക്കണം. ഇത് ഓഹരികളിലും സര്‍ക്കാരിന്റെ കടപ്പത്രങ്ങളിലും നിക്ഷേപിക്കും. വിപണിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.