ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഇന്ത്യ. 59 ശതമാനം വളര്‍ച്ചയോടെയാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യ ഇടം നേടിയത്. ചൈനയെ പിന്തള്ളിക്കൊണ്ടാണ് പുത്തന്‍ നേട്ടം ഇന്ത്യ കൈവരിച്ചതെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
2014 മുതല്‍ 1.45 ലക്ഷം കിലോമീറ്റര്‍ റോഡാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യ നിരവധി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകള്‍ പണിതു. ഇന്ത്യയിലെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ നിര്‍മ്മാണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. 2013-14 ല്‍ 4,770 കോടി രൂപയായിരുന്നു ടോളുകളില്‍ നിന്നുള്ള വരുമാനം. എന്നാല്‍, ഇന്നിത് 4,1342 കോടി രൂപയായി ഉയര്‍ന്നുവെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
2020-ഓടെ ടോള്‍ വരുമാനം 1,30,000 കോടി രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫാസ്ടാഗുകളുടെ ഉപയോഗം ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം 47 സെക്കന്റായി കുറയ്ച്ചു. ഇത് 30 സെക്കന്റില്‍ താഴെയായി കുറയ്ക്കാന്‍ വിവിധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ട് വരികയാണ്. 2019 ഏപ്രില്‍ മുതല്‍ രാജ്യത്തുടനീളം NHAI 30,000 കിലോമീറ്ററില്‍ അധികം ഹൈവേകള്‍ നിര്‍മ്മിച്ചു. ഡല്‍ഹിയെ മീററ്റുമായി ബന്ധിപ്പിക്കുന്നതും ലക്നൗവിനെ യുപിയിലെ ഗാസിപൂരുമായി ബന്ധിപ്പിക്കുന്നത് പോലുള്ള പ്രധാന എക്സ്പ്രസ് വേകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എന്‍എച്ച്-53 ല്‍ അമരാവതിയ്ക്കും അകോലയ്ക്കും ഇടയില്‍ 75 കിലോമീറ്റര്‍ സിംഗിള്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് വിജയകരമായി നിര്‍മ്മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നേടിയിരുന്നു. റോഡ് ശൃംഖലയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും മൂന്നാം സ്ഥാനം ചൈനയ്ക്കുമാണ്. ബ്രിസിലിനാണ് നാലാം സ്ഥാനം. റഷ്യ അഞ്ചാം സ്ഥാനത്തുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.