പഠനത്തിനും ജോലിക്കുമായി എത്തുന്ന വിശ്വാസികളായ മലയാളികളെ സഹായിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

പഠനത്തിനും ജോലിക്കുമായി എത്തുന്ന  വിശ്വാസികളായ മലയാളികളെ  സഹായിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

ലണ്ടന്‍: പഠനത്തിനും ജോലിക്കുമായി ബ്രിട്ടനില്‍ എത്തുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളായ മലയാളികള്‍ക്ക് ആത്മീയമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭൗതിക കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്സ് കമ്മീഷന്‍ രൂപീകരിച്ചു.

ഫാ. ആന്‍ഡ്രൂസ് ചെതലന്റെ നേതൃത്വത്തില്‍ വൈദികരും അല്മായരും അടങ്ങുന്ന ഒരു സമിതിയെയാണു കമ്മീഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയോഗിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടനിലെ ആശുപത്രികളിലും ആരോഗ്യ പരിപാലന മേഖലയിലെ മറ്റു സ്ഥാപനങ്ങളിലേക്കും വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനും മറ്റു മേഖലകളില്‍ ജോലിക്കും ദിവസേന നൂറു കണക്കിന് മലയാളികളാണ് രാജ്യത്തിന്റെ പല ഭാഗത്തായി എത്തിക്കൊണ്ടിരിക്കുന്നത്.

ഇവര്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ മിഷനുകളില്‍ കൂടിയും ഇടവകകള്‍ വഴിയും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്. നാട്ടില്‍ നിന്ന് ബ്രിട്ടനിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് കേരളത്തില്‍ അതതു സ്ഥലത്തെ ഇടവക വികാരിമാര്‍ മുഖേന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൈഗ്രന്റസ് കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെടാനും വിവരങ്ങള്‍ നല്‍കാനും കഴിയും.

അതുവഴി യുകെയില്‍ തങ്ങള്‍ എത്തുന്ന സ്ഥലത്തുള്ള വൈദികരുമായോ മിഷനുകളുമായോ ബന്ധപ്പെടുവാനുമുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഒരു ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോമും തയാറാക്കിയിട്ടുണ്ടെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.