ചെന്നൈ: അഴിമതി കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ ആർ.എൻ. രവി മരവിപ്പിച്ചു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും.
മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ ബാലാജിയെ പുറത്താക്കിയ നടപടിക്കെതിരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. ഗവർണരുടെ നടപടി ചട്ടലംഘനമാണെന്നും അറ്റോർണി ജനറൽ നിയമോപദേശം നൽകി. തുടർന്നാണ് പുറത്താക്കി 24 മണിക്കൂറിനുള്ളിൽ ഗവർണര്‍ക്ക് ഉത്തരവ് മരവിപ്പിക്കേണ്ടി വന്നത്.
ജൂൺ 14 നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി അദ്ദേഹത്തെ സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ.
ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമികമെന്നായിരുന്നു ഗവർണറുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള അസാധാരണ നടപടി ഗവർണർ സ്വീകരിക്കുകയായിരുന്നു.
ബാലാജിയെ പുറത്താക്കി ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയെ കുഴിച്ചു മൂടാനുള്ള ശ്രമം ഭയാനകം എന്നാണ് സ്റ്റാലിൻ പ്രതികരിച്ചത്. മുതിർന്ന ഡിഎംകെ നേതാക്കളെയും സ്റ്റാലിൻ കണ്ടിരുന്നു. ഭരണ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ തിരുത്താൻ ഗവർണർ നിർബന്ധിതനാകുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.