ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാര ദണ്ഡ് കൈമാറി.

വൈകിട്ട് അഞ്ചു മണിയോടെ പൊലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതി ഭൂമിയില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.

സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞു.

ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പിയും നേരത്തെ ധീരസ്മൃതി ഭൂമിയിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു.

1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ ആന്റ് റെസ്‌ക്യു ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്.

കൃഷി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി. വിശിഷ്ട സേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹ്യ സേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ട സേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.