ഇംഫാല്‍: ആഭ്യന്തര കലാപം തുടരുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിങ്ങുന്നത്. ഇംഫാലില്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ആദ്യാവസാനം നാടകീയ രംഗങ്ങള്‍ക്കാണ് കലാപമുഖരിതമായ മണിപ്പൂരില്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് രാഹുല്‍ ഗാന്ധി കലാപമേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജി ശ്രമങ്ങളും സംഭവ ബഹുലമാക്കി.
കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന ആഹ്വാനവുമായാണ് രാഹുല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. ക്യാമ്പുകളില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമമാണെന്നും പോരായ്മകള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'സമാധാനമാണ് മുന്നോട്ടുള്ള വഴി. എല്ലാവരും ഇപ്പോള്‍ സമാധാനത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ എനിക്ക് കഴിയുന്ന വിധത്തില്‍ ഞാന്‍ സഹായിക്കും. മണിപ്പൂരിലെ ജനങ്ങളുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു. ഇതൊരു ഭീകരമായ ദുരന്തമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇത് അങ്ങേയറ്റം സങ്കടകരവും വേദനാജനകവുമാണ്'. രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജിയെച്ചൊല്ലി ഇംഫാലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. രാജിക്കത്ത് നല്‍കാന്‍ രാജ്ഭവനിലേക്ക് പുറപ്പെട്ട ബിരേന്‍ സിങ്ങിന്റെ വാഹനവ്യൂഹം ആയിരക്കണക്കിന് അനുയായികള്‍ തടഞ്ഞു. തുടര്‍ന്ന് രാജിക്കത്ത് പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. രാജിവക്കില്ലെന്ന് ബീരേന്‍ സിങ് അറിയിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.