മാര്‍പ്പാപ്പ ദൈവത്തിന്റെ നയതന്ത്രജ്ഞന്‍; ഉക്രെയ്‌നിലെ ഇടപെടലുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയ്ക്ക് 'സിനിമ ഫോര്‍ പീസ്' അവാര്‍ഡ്

മാര്‍പ്പാപ്പ ദൈവത്തിന്റെ നയതന്ത്രജ്ഞന്‍; ഉക്രെയ്‌നിലെ ഇടപെടലുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയ്ക്ക് 'സിനിമ ഫോര്‍ പീസ്' അവാര്‍ഡ്

'സിനിമ ഫോര്‍ പീസ്' അവാര്‍ഡ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിക്കുന്നു

വത്തിക്കാന്‍ സിറ്റി: സിനിമയിലൂടെ മാനുഷിക മൂല്യങ്ങളും സാമൂഹിക മാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'സിനിമ ഫോര്‍ പീസ്' എന്ന അന്താരാഷ്ട്ര സംഘടനയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് ഫ്രാന്‍സിസ് പാപ്പയ്ക്ക് ലഭിച്ചു. മാര്‍പ്പാപ്പ ദൈവത്തിന്റെ നയതന്ത്രജ്ഞനാണെന്നും യുദ്ധക്കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഉക്രെയ്നിലെ ജനങ്ങള്‍ക്ക് പാപ്പാ നല്‍കിവരുന്ന പിന്തുണയ്ക്കുള്ള അംഗീകാരമാണ് ഇതെന്നും അവാര്‍ഡ് സമ്മാനിച്ച് സംഘടനയുടെ സ്ഥാപകനും എഴുത്തുകാരനും നിര്‍മ്മാതാവുമായ ജാക്കാ ബിസില്‍ജ് പറഞ്ഞു.

സാധ്യമായ എല്ലാ വാതിലുകളും മുട്ടിക്കൊണ്ട്, ഉക്രെയ്ന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായി കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ശ്രമിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധ പിതാവിന്റെ പ്രയത്‌നങ്ങളെ ജാക്കാ ബിസില്‍ജ് പ്രശംസിച്ചു. പാപ്പാ യഥാര്‍ത്ഥ സമാധാനത്തിന്റെ വക്താവും ദൈവത്തിന്റെ നയതന്ത്രജ്ഞനുമാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ആക്രമണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ, യുദ്ധം തടയാനായി പാപ്പാ റോമിലെ റഷ്യന്‍ എംബസിയില്‍ പോകുകയും പ്രസിഡന്റ് പുടിനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുദ്ധത്തടവുകാരുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടത്തി. ഉക്രെയ്‌നിലേക്ക് ആംബുലന്‍സുകളും മറ്റു സഹായങ്ങളും അയച്ചു. രാജ്യങ്ങള്‍ക്കിയില്‍ മനുഷ്യത്വപരമായ ഇടനാഴികള്‍ സൃഷ്ടിക്കാന്‍ പപ്പാ എന്നും ഉത്സുകനായിരുന്നു. യുദ്ധത്തിന്റെ 'കിരാതമായ തിരശീലയ്ക്ക്' പിന്നില്‍ പാപ്പാ നടത്തിയ ഓരോ ഇടപെടലുകളെയും ബിസില്‍ജ് എണ്ണിപ്പറഞ്ഞു.

ആധുനിക ലോകം നേരിടുന്ന സാമൂഹികവും രാഷ്ട്രീയവും മനുഷ്യത്വപരവുമായ വെല്ലുവിളികള്‍ക്ക് സിനിമ എന്ന മാധ്യമത്തിന്റെ സ്വാധീനത്തിലൂടെ പരിഹാരം തേടാന്‍ സഹായിക്കുകയാണ് 2008 ല്‍ രൂപം കൊണ്ട 'സിനിമ ഫോര്‍ പീസ്' എന്ന സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ അന്താരാഷ്ട്ര സംഘടന മനുഷ്യ സമൂഹത്തിന്റെ കൂടുതല്‍ മെച്ചമായ ഭാവിക്കു വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പ്രത്യാശയുടെ സന്ദേശം ലോകത്തിനു നല്‍കുകയും ചെയ്യുന്നു. അസമത്വങ്ങളും അനീതികളും തുറന്നുകാട്ടുകയും അതോടൊപ്പം യുദ്ധത്തിനും ഭീകരതയ്ക്കും എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇതോടു ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളെയും ഡോക്യുമെന്ററികളെയും സമീപ വര്‍ഷങ്ങളില്‍ സംഘടന പിന്തുണച്ചിട്ടുണ്ട്. ഹോളിവുഡ് അഭിനേതാക്കളെ കൂടാതെ ദലൈലാമ, നെല്‍സണ്‍ മണ്ടേല തുടങ്ങിയ പ്രമുഖ വ്യക്തികളും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

ഉക്രെയ്ന്‍ യുദ്ധത്തിന്റെ ഇരകളായി ജീവന്‍ നഷ്ടമായ കുട്ടികളുടെ ഓര്‍മ്മക്കായിട്ടാണ് പുരസ്‌കാരം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നെതന്ന് ജാക്കാ മാര്‍പ്പാപ്പയോട് വിശദീകരിച്ചു. 2022 മാര്‍ച്ച് എട്ടിന് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു വയസുള്ള കുട്ടിയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടു.

യുദ്ധത്തിന്റെ ഭീകരമായ കെടുതികള്‍ മൂലം വലയുന്ന അനേകര്‍ക്ക്, തന്റെ സന്ദേശങ്ങളിലൂടെ പാപ്പാ പകര്‍ന്നു നല്‍കിയ പ്രത്യാശക്കും ആത്മധൈര്യത്തിനും ബിസില്‍ജ് നന്ദി അറിയിച്ചു. കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് പാപ്പായുടെ വാക്കുകള്‍ നല്‍കിയ സാന്ത്വനവും പ്രത്യാശയും അദ്ദേഹം പ്രത്യേകമായി അനുസ്മരിച്ചു. തനിക്ക് സമ്മാനിച്ച അവാര്‍ഡിന് പാപ്പാ ജാക്കാ ബിസില്‍ജിനോട് നന്ദി പറയുകയും തനിക്കു വേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.