മെല്‍ബണ്‍: പ്രകൃതിക്ക് ഭീഷണിയായ ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാവുന്ന കാലഘട്ടത്തിലാണ് ലോക രാജ്യങ്ങള്‍. ഓസ്‌ട്രേലിയന്‍ വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ പുതിയ തരംഗം സൃഷ്ടിക്കുമ്പോഴും വാഹന ഉടമകള്‍ നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. പൊതുസ്ഥലങ്ങളിലും വീടുകളിലും വൈദ്യുതി ചാര്‍ജിംഗ് സംവിധാനങ്ങളുടെ അഭാവം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് ഉടമകളെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്നു പിന്നോട്ടു വലിക്കുന്നത്.
മെല്‍ബണിലുള്ള ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് അടുത്തുള്ള പൊതു ചാര്‍ജിങ് സ്റ്റേഷനിലേക്കു പോകാന്‍ അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഈ യാത്ര ഏറെ ബുദ്ധിമുട്ടാണെന്ന് മൈക്കല്‍ ബോണ്ടിനെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബാറ്ററി ചാര്‍ജാകുന്നതുവരെ സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ സമയനഷ്ടവും ഉണ്ടാകുന്നു. പ്രത്യേകിച്ച് ശൈത്യകാലത്താണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം സ്ഥാപിക്കാമെങ്കിലും ഓസ്ട്രേലിയയിലെ ഇലക്ട്രിക്കല്‍ വാഹന ഉടമകള്‍ ആരും അങ്ങനെ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ്.
വിക്ടോറിയ സംസ്ഥാനത്തിന്റെ ചാര്‍ജിംഗ് ശൃംഖല വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഇലക്ട്രിക് വെഹിക്കിള്‍ കൗണ്‍സിലിലെ റോസ് ഡി രംഗോ അഭിപ്രായപ്പെട്ടു. 'ഫെഡറല്‍, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണയോടെ രാജ്യത്തുടനീളം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വ്യാപിപ്പിക്കണം. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ നഗര പ്രദേശങ്ങളില്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അതേസമയം ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.
വീട്ടില്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങിയവരെ പെട്രോള്‍ കാറുകളിലേക്ക് തിരികെ മാറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്.
പൊതു ചാര്‍ജിങ് സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനമാണ് മുന്നില്‍. ഒന്നിലധികം ഹൈ പവര്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അതേസമയം വിക്ടോറിയയില്‍ ഇതു കുറവാണ്. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ അഭാവം ജനങ്ങളെ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതില്‍നിന്നു പിന്നോട്ടു വലിക്കുന്നു.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 200 ദശലക്ഷം ഡോളറിലധികം വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ വിക്ടോറിയയില്‍, ഈ തുക 20 ദശലക്ഷത്തില്‍ താഴെയാണ്.
ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നതുമാണ് പ്രധാന വെല്ലുവിളിയെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇവി ചാര്‍ജറുകള്‍ ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു. അതിനാല്‍ തുടര്‍ച്ചയായ പവര്‍ സപ്ലൈ ഇതിന് ആവശ്യമാണെന്ന്, ഓസ്ട്രേലിയയിലുടനീളം ചാര്‍ജിങ് സ്‌റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്ന ചാര്‍ജ്ഫോക്സ് എന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന റോബ് അസെല്‍മാന്‍ പറയുന്നു.
'ഓസ്ട്രേലിയയുടെ ഊര്‍ജ്ജ വിതരണം വളരെ വിപുലമാണ്. എന്നാല്‍ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ പാകത്തിന് രൂപകല്‍പ്പന ചെയ്തിട്ടില്ല'.
അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി വളരെ വേഗത്തില്‍ വര്‍ധിപ്പിച്ച സംസ്ഥാനമാണ് വിക്ടോറിയ. പെട്രോള്‍ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതോടെ ഇന്ധന എക്‌സൈസിന് പകരം കൊണ്ടുവരുന്നതാണ് റോഡ് നികുതി. മറ്റ് സംസ്ഥാനങ്ങളും റോഡ് നികുതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷേ അത് ഭാവിയിലാണ് നടപ്പാക്കുന്നത്. വിക്‌ടോറിയ സര്‍ക്കാരിന്റെ ഈ നയവും ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് തിരിച്ചടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.