ഈദ് അവധി കഴി‍ഞ്ഞ് യുഎഇ തിരക്കിലേക്ക്

ഈദ് അവധി കഴി‍ഞ്ഞ് യുഎഇ തിരക്കിലേക്ക്

ദുബായ്:ഈദ് അവധി കഴിഞ്ഞ് യുഎഇ വീണ്ടും ജോലിത്തിരക്കിലേക്ക്. ഈദ് അല്‍ അദയുമായി ബന്ധപ്പെട്ട് ആറ് ദിവസത്തെ അവധിയാണ് ഇത്തവണ യുഎഇയില്‍ കിട്ടിയത്. ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെ അവധി ആഘോഷിച്ച് ജൂലൈ 3 ന് യുഎഇയില്‍ വീണ്ടും പ്രവൃത്തി ദിവസം ആരംഭിച്ചു.

ഈദ് അവധി ദിനങ്ങളോട് അനുബന്ധിച്ചാണ് ഇത്തവണ വേനല്‍ അവധിക്കാലവും തുടങ്ങിയതെന്നുളളതുകൊണ്ടുതന്നെ കേരളത്തിലുള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ദുബായ് ഉള്‍പ്പടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുളള ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂലൈ ആദ്യവാരം വേനല്‍ അവധി ആരംഭിക്കുന്ന സ്കൂളുകളില്‍ ഇത്തവണ ഒരാഴ്ച മുന്‍പ് തന്നെ അവധി ആരംഭിച്ചതും ടിക്കറ്റ് നിരക്കില്‍ പ്രതിഫലിച്ചു.

കേരളത്തിലുളള നാല് വിമാനത്താവളങ്ങളിലേക്കും ടിക്കറ്റ് നിരക്കില്‍ വർദ്ധനവുണ്ട്. ജൂലൈ ആഗസ്റ്റ് മാസങ്ങളിലെല്ലാം സാമാന്യം ഉയർന്ന രീതിയിലാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 15 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പോയി ഓഗസ്റ്റ് 15 ന് തിരിച്ചുവരാന്‍ നാലംഗ കുടുംബത്തിന് ശരാശരി ഏറ്റവും ചുരുങ്ങിയത് 2.5 ലക്ഷം രൂപ ടിക്കറ്റിന് മാത്രം ചെലവുവരും. ടിക്കറ്റ് നിരക്കിലെ വർദ്ധനവിനെ തുടർന്ന് യാത്ര മാറ്റിവച്ചവരും നേപ്പാള്‍ ഉള്‍പ്പെയുളള രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് യാത്ര നടത്തിയവരുമുണ്ട്.

ഈദ് അവധി ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് താരതമ്യേന കുറഞ്ഞയിടങ്ങളിലേക്ക് യുഎഇയില്‍ നിന്ന് വിനോദയാത്ര നടത്തി പലരും. സ്കൂള്‍ അവധിയോട് അനുബന്ധിച്ച് കുടുംബമായി താമസിക്കുന്നവർ അവധിയാഘോഷിക്കാന്‍ ജന്മനാട്ടിലേക്കും മറ്റും യാത്രയിലായതിനാലും സ്കൂള്‍ ബസുകളുടെ യാത്രയില്ലാത്തതിനാലും ഈ മാസങ്ങളില്‍ റോഡുകളില്‍ തിരക്ക് കുറയുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.