സുഡാന്‍ വീണ്ടും വംശഹത്യയുടെ വക്കില്‍; മുന്നറിയിപ്പുമായി ആഫ്രിക്കന്‍ ക്രിസ്ത്യന്‍ നേതാക്കള്‍

സുഡാന്‍ വീണ്ടും വംശഹത്യയുടെ വക്കില്‍; മുന്നറിയിപ്പുമായി ആഫ്രിക്കന്‍ ക്രിസ്ത്യന്‍ നേതാക്കള്‍

ഖര്‍ത്തും: സുഡാനിലെ ഡാര്‍ഫൂര്‍ മേഖലയിലെ ക്രിസ്ത്യാനികള്‍ ആഭ്യന്തര യുദ്ധം മൂലം വംശഹത്യയുടെ ഭീതിയിലാണെന്ന മുന്നറിയിപ്പുമായി ആഫ്രിക്കയിലെ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍. ഇവിടെ മനുഷ്യരാശിക്കെതിരായി നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ സഭാ നേതാക്കള്‍ സര്‍ക്കാരിനോടും പ്രാദേശിക ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു.

അസോസിയേഷന്‍ ഓഫ് മെമ്പര്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സസ് ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്ക (AMECEA) ഉള്‍പ്പെടെയുള്ള വിവിധ എക്യുമെനിക്കല്‍ സംഘടനകളിലെ അംഗങ്ങളും ബ്രെഡ് ഫോര്‍ ദ വേള്‍ഡ്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുടങ്ങിയ വിവിധ ക്രിസ്ത്യന്‍ സംഘടനകളുമാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

സുഡാനില്‍ കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്നതില്‍ നേതാക്കളും സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി അസോസിയേഷന്‍ ഓഫ് മെമ്പര്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സസ് ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്ക എന്ന സംഘടനയുടെ സെക്രട്ടറി ജനറല്‍ ഫാ. ആന്റണി മകുന്ദേ പറഞ്ഞു. സംഘര്‍ഷം പെട്ടെന്നൊന്നും അവസാനിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ പോരാട്ടം 20 വര്‍ഷം മുമ്പ് ഡാര്‍ഫൂര്‍ മേഖലയില്‍ അരങ്ങേറിയ ഒരു വംശഹത്യയുടെ അസ്വസ്ഥജനകമായ ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവന്നതായി വൈദികന്‍ പറഞ്ഞു. പേടിക്കേണ്ട കാര്യമെന്തന്നാല്‍ നിലവിലെ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്ന സൈനിക ജനറലുകള്‍ 2003 ലെ വംശഹത്യയില്‍ പങ്കാളികളായവരാണ്.

ഇപ്പോള്‍ സുഡാന്റെ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ കമാന്‍ഡറും സഹ മേധാവിയുമായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

സുഡാനിലെ ഡാര്‍ഫൂര്‍ മേഖലയില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടത്തിയ ജഞ്ജവീദ് (Janjaweed) എന്നറിയപ്പെടുന്ന അറബ് ഗോത്ര സായുധ വിഭാഗങ്ങളില്‍ നിന്നാണ് നിലവിലെ അര്‍ധ സൈനിക സേന വളര്‍ന്നത്. ഇവര്‍ നടത്തിയ ആക്രമണങ്ങളില്‍ 300,000 ആളുകള്‍ മരിക്കുകയും 2.5 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതായി യുഎന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അറബ് ഇതര വിഭാഗക്കാര്‍ക്കെതിരെയാണ് ആക്രമണം അഴിച്ചുവിടുന്നത്.

സുഡാനില്‍ തുടര്‍ച്ചയായി തകരുന്ന ക്രമസമാധാനവും അരക്ഷിതാവസ്ഥയും ദാരിദ്ര്യവും മൂലം നാടുവിടുന്നവരുടെ എണ്ണവും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

'ആക്രമണങ്ങളില്‍ 50 ശതമാനം യുവാക്കള്‍ കൊല്ലപ്പെട്ടു. മരിച്ചവരെ എണ്ണാന്‍ പോലും കഴിയുന്നില്ല, മൃതദേഹങ്ങള്‍ തെരുവുകളിലും വീടുകളിലുമായി കിടക്കുന്നു' - ജൂണ്‍ 23 ന് ഡാര്‍ഫൂര്‍ നിവാസിയായ മര്‍വ ടാഗെല്‍ഡിന്‍ ട്വീറ്റ് ചെയ്തു.

സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതില്‍ സഭാ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

യുദ്ധം ചെയ്യുന്ന കക്ഷികളോട് സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നടത്തിയ അഭ്യര്‍ത്ഥന സഭാ നേതാക്കള്‍ അനുസ്മരിച്ചു. സുഡാനിലെ ജനങ്ങളെ സംഘര്‍ഷത്തിനും ഭിന്നിപ്പിനും ഉപകരണമാക്കുന്നതിനെതിരെ ജാഗ്രത പാലിക്കാനും എല്ലാത്തരം അക്രമങ്ങളെയും തള്ളിക്കളയാനും സഭാ നേതാക്കള്‍ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.