ദുബായ്: യുഎഇ നിക്ഷേപമന്ത്രാലയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യത്തിന്‍റെ നിക്ഷേപ കാഴ്ചപ്പാടുകള്‍ വിലയിരുത്തുകയും സാധ്യതകള്‍ വർദ്ധിപ്പിക്കുകയും നടപടിക്രമങ്ങളും നിയമനിർമ്മാണവും മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാകും നിക്ഷേപമന്ത്രാലയത്തിന്‍റെ ലക്ഷ്യങ്ങള്‍.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ അബുദബിയിലെ അൽ വതൻ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
അടുത്ത ഏഴു വർഷത്തിനുള്ളിൽ പുനരുപയോഗ ഊർജത്തിന്‍റെ സംഭാവന മൂന്നിരട്ടിയാക്കും. പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ 200 ബില്യൺ ദിർഹം നിക്ഷേപം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാന്‍ 150 മുതൽ 200 ബില്യൺ ദിർഹം വരെ നിക്ഷേപം നടത്തും. ഹൈഡ്രജൻ മേഖലയുടെ ഗവേഷണത്തിനും വികസനത്തിനുമായി ഒരു പ്രത്യേക ദേശീയ കേന്ദ്രം രാജ്യത്ത് സ്ഥാപിക്കും.വിതരണ ശൃംഖലകൾ വികസിപ്പിച്ചുകൊണ്ട് അടുത്ത എട്ട് വർഷത്തിനുള്ളിൽ ഹൈഡ്രജന്‍റെ ഉല്‍പാദനവും വിതരണവും വർദ്ധിപ്പിക്കും.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും വികസനവും നിലനിർത്തുന്നതിനും സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അപകടസാധ്യതകൾ നിരീക്ഷിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതിനുമായി ഫിനാൻഷ്യൽ സ്റ്റെബിലിറ്റി കൗൺസിൽ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.