ദുബായ്: യുഎഇയുടെ ചരിത്രം അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ പീറ്റർ ഹെല്ലിയർക്ക് അബുദാബിയില്‍ അന്ത്യ വിശ്രമം. അബുദാബിയിലെ ബനിയാസ് സെമിത്തേരിയിലാണ് 75 കാരനായ പീറ്റർക്ക് അന്ത്യവിശ്രമമൊരുങ്ങിയത്. മന്ത്രിമാരടക്കമുളള ഉന്നത വ്യക്തിത്വങ്ങള്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. അബുദാബിയിലെ ക്ലീവ്‌ലാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്.
യുകെ സ്വദേശിയായ പീറ്റർ ഹെല്ലിയർക്ക് 2010 ലാണ് യുഎഇ പൗരത്വം നല്‍കിയത്. 1975 ല്‍ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യാനായാണ് അദ്ദേഹം യുഎഇയില്‍ എത്തുന്നത്. പിന്നീട് യുഎഇയുടെ ചരിത്രമേഖലകളില്‍ നിർണായകമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദേശീയ വാർത്താ ഏജൻസിയായ വാമിലുൾപ്പെടെ ഒട്ടേറെ മാധ്യമങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. നാഷണൽ മീഡിയ കൗൺസിലിന്‍റെ ഉപദേഷ്ടാവുമായിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ അബുദാബി മെഡൽ 2013-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
യുഎഇയുടെ പരിസ്ഥിതിയെ കുറിച്ചും പുരാവസ്തു സമ്പന്നമായ പൈതൃകത്തെ കുറിച്ചും നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. സർ ബനിയാസ് ദ്വീപിലെ 1,400 വർഷം പഴക്കമുള്ള ആശ്രമത്തിന്‍റെ ഖനനത്തിൽ ഹെല്ലിയർ പ്രത്യേക പങ്കാളിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.