ഇറാനെ നടുക്കി ജനരോഷം; 20 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇറാനെ നടുക്കി ജനരോഷം; 20 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒൻപതാം ദിനവും തുടരുന്നു. 78 നഗരങ്ങളിലേക്കും 26 പ്രവിശ്യകളിലേക്കും പടർന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 19 പ്രക്ഷോഭകരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ഇറാനിലും ഗ്രാമീണ മേഖലകളിലും സുരക്ഷാ സൈന്യവും പ്രക്ഷോഭകരും തമ്മിൽ തെരുവ് യുദ്ധം തുടരുകയാണ്.

സമരക്കാരെ നേരിടാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഉത്തരവിട്ടതോടെ പൊലീസും ഐആർജിസി വിഭാഗവും നടപടി കടുപ്പിച്ചു. ഇലാം നഗരത്തിലെ ആശുപത്രിയിൽ റെയ്ഡ് നടത്തി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൈന്യം പിടിച്ചെടുത്തതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. കുർദിഷ്, ലോർ ന്യൂനപക്ഷ മേഖലകളിലാണ് പ്രക്ഷോഭം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ശനിയാഴ്ച മാത്രം നാല് കുർദിഷ് വംശജർ വെടിയേറ്റു മരിച്ചതായാണ് വിവരം.

2022-23 കാലഘട്ടത്തിൽ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. രാജ്യത്തെ 31 പ്രവിശ്യകളിൽ 23 എണ്ണവും ഇപ്പോൾ സമരഭൂമിയാണ്. പലയിടങ്ങളിലും പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധക്കാർക്ക് നേരെയുള്ള വെടിവെപ്പ് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ അടിച്ചമർത്താൻ തങ്ങൾക്കറിയാമെന്നുമാണ് ഖമനേയിയുടെ മറുപടി. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ഈ പ്രക്ഷോഭം വഷളാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.