ഹ്യൂസ്റ്റൺ: വടക്കേ അമേരിക്കയിലേയും കാനഡയിലേയും ഹിന്ദുക്കളുടെ സംഗമ വേദിയായ മന്ത്രയുടെ ഒന്നാം ഗ്ലോബൽ ഹിന്ദു മഹാസംഗമം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ വനിതകളുടെ മന്ത്രധ്വനിയായി ഹിന്ദു കൺവെൻഷൻ മാറി. ജൂലൈ രണ്ടിന് രാവിലെ മന്ത്രയുടെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാർ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. മന്ത്രയുടെ പ്രഥമ കൺവെൻഷനിൽ അഥിതിയായി പങ്കെടുക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വനിതകളുടെ കരുത്തിൽ ഒരു സമൂഹം തന്നെ ഈ രാജ്യത്ത് വളർന്നു വരുമ്പോൾ അവരുടെ ഒരു കൂട്ടായ്മയിൽ സംസാരിക്കുവാൻ സാധിച്ചതും സന്തോഷം തന്നെയെന്ന് ടീച്ചർ പറഞ്ഞു. വേദ മന്ത്രങ്ങൾ പിറന്ന മണ്ണ് നമുക്ക് അന്യമായെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും മന്ത്രം എത്തുന്നു. ഒരേ മനസ്സോടെ ഒന്നിച്ചു നീങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ടീച്ചർ കൂട്ടിച്ചേർത്തു.
വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ. ഗീതാ മേനോൻ ആമുഖ പ്രസംഗം നടത്തി. നാമെല്ലാം ഒറ്റക്കെട്ടായിനിന്ന് വനിതകളെ മണിമുഴക്കാൻ ഒരുക്കുകയാണെന്നും ദിവ്യമായ തുടക്കങ്ങൾ സ്ത്രീ പുരുഷ രൂപങ്ങളിൽ കാണുന്നുണ്ടെങ്കിലും ആദ്യ പരിഗണന നാം എപ്പോഴും നൽകേണ്ടത് സ്ത്രീ ശക്തിക്കാണെന്നും ഡോ. ഗീതാ മേനോൻ പറഞ്ഞു. രാധാകൃഷ്ണൻ ആയാലും സീതാരാമൻ ആയാലും ലക്ഷ്മി നാരായണൻ ആയാലും സ്ത്രീത്വം ശക്തി പ്രാപിക്കണമെങ്കിൽ മനുഷ്യകുലത്തിന് തന്നെ ഒരു സന്തുലിതാവസ്ഥ വേണമല്ലോ. സ്‌ത്രണതയുടെ ഭാവങ്ങളായ പാട്ട്, കല, സൗന്ദര്യ ബോധം, എന്നിവ പോലെ സയൻസ്, ധനശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയിലും നാം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു.
സ്ത്രീ ശാക്തീകരണം എന്നത് വിദ്യാഭ്യാസം, അവബോധം, സാക്ഷരതാ പരിശീലനം എന്നിവയിലൂടെ സ്ത്രീകളുടെ പദവി ഉയർത്തുക എന്നതാണ്. സാമ്പത്തിക പരിഗണന ഉൾപ്പെടുത്തണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമ്മൂമ്മ തിരിയുടെ കഥ എല്ലാവർക്കും അറിയാമല്ലോ? ഭവാനിയമ്മ എന്ന അമ്മൂമ്മയുടെ തോളോട് തോൾ ചേർന്ന് ലക്ഷ്മി എന്ന പെൺകുട്ടി തൊടുപുഴ എന്ന ഗ്രാമത്തിൽ ചെറിയ 'അമ്മൂമ്മതിരികൾ', വിളക്ക് തിരികൾ ഉണ്ടാക്കി അത് വലിയ സംരംഭമായി മാറിയ കഥ നമുക്കറിയാം. വളരെയേറെ ഒറ്റപ്പെട്ടിരിക്കുന്ന സ്ത്രീകൾ, വൃദ്ധജനങ്ങൾ ഈ സംരംഭത്തിന്റെ ഭാഗമാവുകയും, ഒറ്റപ്പെട്ടിരിക്കുമ്പോൾ അവർക്ക് ഒരു സഹായവും ഉപജീവന മാർഗ്ഗവുമായി ഇത് മാറുകയുമായിരുന്നു. ഇത്തരം ശാക്തീകരണ സംരംഭങ്ങൾ സ്ത്രീകൾക്കായി എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് അവർ കൂട്ടിച്ചേർത്തു. വിജി രാമൻ, സ്മിത ഭരതൻ, മഞ്ജു രാജീവ് എം.ഡി., പദ്മാവതിയമ്മ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.