ഒഴിവാക്കേണ്ടത് ഫ്‌ളഡ് ടൂറിസം !

ഒഴിവാക്കേണ്ടത് ഫ്‌ളഡ് ടൂറിസം !

സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിലും അതിശക്തമായ മഴ ഉണ്ടായ സാഹചര്യത്തില്‍ നമ്മുടെ ചെറുപ്പക്കാരും കുഞ്ഞുങ്ങളും വെള്ളവുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ സാഹചര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ പതുങ്ങിയിരിക്കുന്ന അപകടങ്ങളിലും അവര്‍ ചെന്നു പെടാന്‍ സാധ്യതയേറുന്നു.

ഈ സമയത്ത് നാം ചിന്തിക്കേണ്ട ഒരു പദമാണ് ഫ്‌ളഡ് ടൂറിസം. ടൂറിസവുമായി അടുത്ത് നില്‍ക്കുന്ന വാക്ക് തന്നെയാണ് ഫ്‌ളഡ് ടൂറിസം. യാത്രകളും മരങ്ങളും മഴയും മഞ്ഞും കണ്ടു നടക്കാന്‍ കൊതിയുണ്ടെങ്കിലും ഈ സമയങ്ങളില്‍ സര്‍ക്കാരും വിവിധ വകുപ്പുകളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കഴിവതും പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ഒരുപക്ഷേ അത് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല; നമുക്കൊരു അപകടം ഉണ്ടായാല്‍ നമ്മളെ രക്ഷിക്കാന്‍ മറ്റൊരാള്‍ ഇറങ്ങേണ്ടി വരികയും ആ വ്യക്തിക്ക് അയാളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനും വേണ്ടിയാണെന്ന് ചിന്ത നമുക്ക് ഉണ്ടാവണം.ഇക്കാര്യങ്ങളില്‍ നാം കഴിവതും ശ്രദ്ധ പുലര്‍ത്തണം.

അതുകൊണ്ട് മറ്റുള്ളവരുടെ ജീവിത സുരക്ഷയ്ക്കും വേണ്ടിയും കൂടിയാണ് ചില നിയമങ്ങളും നിര്‍ദേശങ്ങളും നാമോരോരുത്തരും പാലിക്കേണ്ടതെന്ന് മനസിലാക്കി ഈ സാഹചര്യത്തെ നേരിടണം. സാഹസിക ടൂറിസം എപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. പ്രത്യേകിച്ചും ചില മേഖലകളിലേക്കുള്ള യാത്രകള്‍ പാടില്ലെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നുമുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അപകടം സംഭവിക്കും.

സാഹസികതയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ പതുങ്ങിയിരിക്കുന്ന അപകടത്തെ കാണാതെ പോകും. ദുരന്ത നിവാരണ സേനാംഗങ്ങള്‍ പല ജില്ലകളിലും എത്തിയിട്ടുണ്ട്. എന്നിരുന്നാലും നമ്മുടെ ജീവനെ സൂക്ഷിക്കാന്‍ നാം തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണം.

വെള്ളം മൂടിയ പാലങ്ങളില്‍ നിന്നുള്ള അപകടകരമായ ഫോട്ടോയെടുപ്പ് പൂര്‍ണമായി ഒഴിവാക്കണം. കേവലം ഒരു സെല്‍ഫിക്കും കുറച്ച് ലൈക്കുകള്‍ക്കും നമ്മുടെ അല്‍പ്പ നേരത്തെ സന്തോഷത്തിനുമായിട്ട് നാം കാണിക്കുന്ന ചില തത്രപ്പാടുകള്‍ ജീവിതത്തില്‍ കണ്ണീര് തോരാത്ത ഓര്‍മ്മകളിലേക്ക് ആണ്ട് പോകാന്‍ സാഹചരും ഒരുക്കാതിരിക്കട്ടെ.

മലമ്പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത അധികമായി വരുന്നതിനാല്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണം. മലയോര മേഖലയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ 108 ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളുണ്ട്.

ഇതൊക്കെയായാലും നാം തന്നെ നമ്മുടെ കാര്യങ്ങളില്‍ സ്വയം നിയന്ത്രിതമായിട്ട് പ്രവര്‍ത്തിച്ചാല്‍ ഈ മഴക്കാലം മഴക്കാലമായി മാത്രം കടന്നുപോകും. അല്ലെങ്കില്‍ ഈ മഴക്കാലം ഒരുപക്ഷേ നമ്മുടെ ജീവിതത്തില്‍ എന്നും ഒരു കറുത്ത ദിനം സമ്മാനിക്കും. അതിനായി വിട്ടുകൊടുക്കണമോ എന്ന് നാം തന്നെ ചിന്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.