ഗ്വവിയാരേ: ആമസോണ്‍ കാടുകളില്‍ അകപ്പെട്ടു പോയ കുട്ടികളെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിലുണ്ടായിരുന്ന വില്‍സണ്‍ എന്ന നായയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ച് കൊളംബിയന്‍ സൈന്യം. ചെറുവിമാനം തകര്‍ന്ന് വീണ് കാട്ടില്‍ അകപ്പെട്ട ഗോത്രവര്‍ഗക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടായിരുന്ന ആറു വയസുള്ള ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് മാലിനോയിസിനായുള്ള തെരച്ചിലാണ് കൊളംബിയന്‍ സൈന്യം അവസാനിപ്പിച്ചത്. ജൂണ്‍ ഒന്‍പതിന് ആരംഭിച്ച തെരച്ചിലില്‍ പ്രതീക്ഷകളുടെ എല്ലാ സാധ്യതയും അവസാനിച്ചതോടെയാണ് വില്‍സണ് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി.
കാലാവസ്ഥ മോശമായതും 20 മീറ്ററിന് അപ്പുറത്തേക്കുള്ള കാഴ്ചകള്‍ വ്യക്തമാവാതെയും വന്നതോടെയാണ് വില്‍സണ് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചത്. 70-ല്‍ അധികം അംഗങ്ങളുള്ള സംഘമായിരുന്നു വില്‍സണ് വേണ്ടിയുള്ള തെരച്ചിലില്‍ സജീവമായിരുന്നത്. വില്‍സണ്‍ ട്രാക്കര്‍ ധരിച്ചിരുന്നുവെങ്കിലും നിലവില്‍ അതില്‍ നിന്നുള്ള സിഗ്‌നലുകളൊന്നും ലഭ്യമല്ല. വളരെയധികം ദിവസങ്ങള്‍ കാട്ടില്‍ കഴിഞ്ഞതിനാല്‍ മനുഷ്യരുടെ വിളികളോട് പ്രതികരിക്കുന്നതിന് വില്‍സണ് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മെയ് ഒന്നിനുണ്ടായ വിമാനാപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസുള്ള സഹോദരങ്ങള്‍ കാട്ടില്‍ അകപ്പെട്ടത്. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. അതേസമയം കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായുള്ള തെളിവുകള്‍ പുറത്ത് വന്നതോടെയായിരുന്നു ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്‌നി രക്ഷാ സേനയ്‌ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയത്.
ഒടുവില്‍ ദുര്‍ഘടവനമേഖലയില്‍ 40 ദിവസം അതിജീവിച്ച കുട്ടികളെ രക്ഷാസേന കണ്ടെത്തി. അതേസമയം, രക്ഷാസേന കുട്ടികളെ കണ്ടെത്തുന്നതിന് മുന്പ് വില്‍സണ്‍ കുട്ടികളുടെ അടുത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന വില്‍സണായിരുന്നു രക്ഷാസംഘത്തെ ഇവരുടെ അടുത്തേക്ക് എത്താന്‍ സഹായിച്ചത്. 14 മാസത്തെ കഠിന പരിശീലനത്തിനൊടുവിലാണ് വില്‍സണ്‍ സേനയുടെ ഭാഗമായത്. മെയ് 28ന് കുട്ടികളുടെ കാല്‍ പാടുകള്‍ കണ്ടെത്തിയതിനൊപ്പം വില്‍സന്റെ കാല്‍പാടുകളും സൈന്യം കണ്ടെത്തിയിരുന്നു.
വില്‍സണു വേണ്ടി സ്മാരകം പണിയുമെന്ന് കൊളംബിയന്‍ സൈന്യത്തിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ജനറല്‍ പെട്രോ സാഞ്ചേസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട എല്ലാ സൈനികര്‍ക്കും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മെഡല്‍ സമ്മാനിച്ചിരുന്നു. ഒരെണ്ണം വില്‍സനുവേണ്ടിയും മാറ്റിവച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.