ഇനിയില്ല ടൈറ്റാനിക് പര്യവേക്ഷണ യാത്രകള്‍; പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഓഷ്യന്‍ഗേറ്റ്

ഇനിയില്ല ടൈറ്റാനിക് പര്യവേക്ഷണ യാത്രകള്‍; പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഓഷ്യന്‍ഗേറ്റ്

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ ടൈറ്റന്‍ എന്ന സമുദ്ര പേടകം പൊട്ടിത്തെറിച്ച് അഞ്ചു സഞ്ചാരികള്‍ മരിച്ചതിനെതുടര്‍ന്ന് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് ഉടമസ്ഥ കമ്പനിയായ ഓഷ്യന്‍ഗേറ്റ്. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യ പ്രവര്‍ത്തനങ്ങളും സാഹസിക വിനോദ യാത്രകളും താല്‍ക്കാലികമായി അവസാനിപ്പിച്ചതായി അമേരിക്കന്‍ കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.

വാഷിങ്ടണ്‍ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റന്‍ സമുദ്ര പേടകം ജൂണ്‍ 18നാണ് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചു പേരും മരിച്ചിരുന്നു.

ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരന്‍ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിങ്, ടൂറിസം പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ഗേറ്റ് ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരായിരുന്നു സമുദ്ര പേടകത്തിലുണ്ടായിരുന്നത്.

ദുരന്തത്തിനു ശേഷവും ടൈറ്റാനിക് കാണാനുള്ള അടുത്ത യാത്രയുടെ പരസ്യം വെബ്‌സൈറ്റില്‍ നിന്നും ഓഷ്യന്‍ഗേറ്റ് കമ്പനി നീക്കിയിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ടൈറ്റന്‍ പേടകം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അമേരിക്കയുടെയും കാനഡയുടെയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ പരസ്യം കമ്പനി വെബ്‌സൈറ്റില്‍ കിടന്നിരുന്നത്.

ടൈറ്റാനിക്കിലേക്ക് അടുത്ത ജൂണ്‍ 12 മുതല്‍ 20 വരെയും ജൂണ്‍ 21 മുതല്‍ ജൂണ്‍ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകള്‍ ആസൂത്രണം ചെയ്യുന്നുവെന്നും യാത്രയില്‍ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങള്‍, സമുദ്ര പേടകത്തിനകത്തെ ഭക്ഷണച്ചെലവ് എന്നിവ ഉള്‍പ്പെടും എന്നുമായിരുന്നു പരസ്യം. വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം.

കപ്പല്‍ അവശിഷ്ടങ്ങളും സമുദ്രത്തിനടിയിലുള്ള മലയിടുക്കുകളും അടുത്തറിയുന്നതിനായി സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്ക് ഒരുക്കികൊടുക്കുന്ന ഒരു കമ്പനിയാണ് ഓഷ്യന്‍ഗേറ്റ്. 2009ലാണ് ഈ കമ്പനി സ്ഥാപിതമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.