നിറം മാറി വന്ദേഭരത്; വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും; പുതിയ ട്രെയിനുകള്‍ക്ക് 25 പുതിയ ഫീച്ചറുകള്‍

നിറം മാറി വന്ദേഭരത്; വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും; പുതിയ ട്രെയിനുകള്‍ക്ക് 25 പുതിയ ഫീച്ചറുകള്‍

ചെന്നൈ: വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഇനി പുതിയ നിറം. വെള്ളയും നീലയും നിറത്തിന് പകരം ഇനി കാവി-ചാര നിറത്തിലാണ് പുതിയ ട്രെയിനുകള്‍ പുറത്തിറങ്ങുക. നിലവിലുള്ളത് കഴുകി വൃത്തിയാക്കുന്നതിലുള്ള പ്രയാസം കാരണമാണ് പുതിയ നിറങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ് വിവരം.

ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുതിയ ട്രെയിനുകളുടെ കോച്ച് നിര്‍മാണം പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ചെന്നൈയിലെത്തി പുതിയ കോച്ചുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് ചില സാങ്കേതിക പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിച്ചാകും പുതിയ കോച്ചുകളുടെ നിര്‍മാണമെന്നും മന്ത്രി അറിയിച്ചു.

25 ഫീച്ചറുകളോടെയാണ് പുതിയ ട്രെയിനുകള്‍ ഇറങ്ങുന്നത്. സീറ്റുകള്‍ കൂടുതല്‍ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, കൂടുതല്‍ പതുപതുത്ത സീറ്റുകള്‍, സീറ്റുകളോട് ചേര്‍ന്ന് കാലുകള്‍ കൂടുതല്‍ നിവര്‍ത്തിവയ്ക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വെള്ളം തെറിക്കുന്നത് ഒഴിവാക്കാന്‍ ആഴം കൂടിയ വാഷ്ബേസിന്‍, ടോയ്ലറ്റുകളില്‍ മികച്ച വെളിച്ചം, വീല്‍ചെയറുകള്‍ക്ക് ഫിക്സിംഗ് പോയിന്റുകള്‍, എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചില്‍ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് റീഡിംഗ് ലാമ്പിന്റെ മാറ്റം, മെച്ചപ്പെട്ട റോളര്‍ ബ്ലൈന്‍ഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മിച്ചത്. രാജ്യത്തെ തന്നെ എന്‍ജിനീയര്‍മാരും സാങ്കേതിക പ്രവര്‍ത്തകരുമാണ് നിര്‍മാണത്തിനുണ്ടായിരുന്നത്. യാത്രക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് പുതിയ കോച്ചുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളുടെ കൂടി ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചിരുന്നു. ഗൊരഖ്പൂര്‍-ലക്‌നോ, ജോധ്പൂര്‍-സബര്‍മതി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫുകളാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.