ക്രിസ്മസ് നല്‍കുന്നത് പ്രതീക്ഷയുടെ സന്ദേശം: മാര്‍ ബോസ്‌കോ പുത്തൂര്‍

ക്രിസ്മസ് നല്‍കുന്നത്  പ്രതീക്ഷയുടെ സന്ദേശം: മാര്‍ ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: ഭയപ്പെടേണ്ട, രക്ഷകന്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് കോവിഡ് 19 മഹാമാരിയുടെ നാളിലും ക്രിസ്മസ് നല്‍കുന്നതെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍.

എല്ലാവരുടേയും രക്ഷകനായ ദൈവം വിനീതനും എളിയവനും ദരിദ്രനുമായി ഒരു പുല്‍ക്കൂട്ടില്‍ പിറന്ന വലിയ സന്തോഷത്തിന്റെ തിരുനാളാണ് ക്രിസ്മസ്. കഷ്ടതയുടെ നടുവിലും ദൈവത്തിന്റെ പിതൃതുല്യമായ സ്‌നേഹവും സംരക്ഷണവും നമുക്കുണ്ട്. ഉണ്ണി ഈശോ നമ്മോട് പറയുന്നതും ഇതുതന്നെയാണ്. രൂപതയിലെ വിശ്വാസികള്‍ക്കായി ഓണ്‍ലൈനിന്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

'പാപ്രിസ് കോര്‍ബേ' എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യൗസേപ്പിതാവിന്റെ വ്യക്തിത്വത്തെ എടുത്ത് പറയുന്നുണ്ട്. ഒരു പിതൃഹൃദയത്തോടെ ഈശോയേയും കുടുംബത്തേയും സംരക്ഷിച്ച യൗസേപ്പിതാവിന്റെ വ്യക്തിത്വം ക്രിസ്മസ് ആഘോഷ വേളയില്‍ നമ്മുടെ ഹൃദയങ്ങളില്‍ ഏറ്റു വാങ്ങണമെന്നും ബോസ്‌കോ പിതാവ് ആഹ്വാനം ചെയ്തു.

തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പ് ഉണ്ണീശോയെയും മാതാവിനെയും സംരക്ഷിച്ചതു പോലെ നമ്മെയും നമ്മുടെ കുടുംബങ്ങളെയും തന്റെ മാധ്യസ്ഥത്താല്‍ സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു. യൗസേപ്പിന്റെ എളിമയുടെ മനോഭാവം എല്ലാവരിലും ഉണ്ടാകട്ടെയെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.