മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിമുഖം വളച്ചൊടിച്ച് വ്യഖ്യാനിക്കുന്നവര്‍ അറിയാന്‍

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിമുഖം വളച്ചൊടിച്ച് വ്യഖ്യാനിക്കുന്നവര്‍ അറിയാന്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ വിവിധ സാമൂഹിക രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കി തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും സീറോ മലബാര്‍ സഭയുടെ സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനി. അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ചില നിക്ഷിപ്ത താല്‍പര്യത്തോടെ പ്രസിദ്ധീകരിച്ചത് കാണാന്‍ ഇടയായി. ഈ സഹചര്യത്തില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ യഥാര്‍ത്ഥായ പ്രതികരണം എന്തായിരുന്നു എന്ന് പരിശോധിക്കാം.

കര്‍ഷക വിഷയം മുതല്‍ ഏകീകൃത സിവില്‍ കാഡ് വരെയുള്ളത് ചര്‍ച്ചയില്‍ വന്നിരുന്നു. കര്‍ഷകരുടെ വിഷയം ക്രൈസ്തവരുടെ മാത്രം പ്രശ്‌നമാണെന്ന് താന്‍ കരുതുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. കര്‍ഷക സംഘടനകള്‍ തന്നെയാണ് റബറിന് കിലോയ്ക്ക് 300 രൂപ നല്‍കിയാല്‍ തങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. കടബാധ്യതകൊണ്ട് നട്ടം തിരിയുന്ന റബര്‍ കര്‍ഷകന്റെ പ്രശ്‌നം പറയേണ്ടിയിരുന്നത് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനോടല്ലേ. അതിനെ സഭയുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം നിറവേറ്റാന്‍ മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസ് ആണെങ്കിലും സിപിഎം ആണെങ്കിലും കര്‍ഷകര്‍ ഒപ്പം നില്‍ക്കുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂര്‍ വിഷയത്തിലും സഭ നിലപാടെടുക്കാന്‍ വൈകി പോയിട്ടില്ല. കാരണം കെസിബിസി സമ്മേളനം നടന്ന ആദ്യം അവസരത്തില്‍ തന്നെ പ്രതികരണം അറിയിച്ചിരുന്നു. സിബിസിഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി, വിവിധ ക്രൈസ്തവ സംഘടനകള്‍, രൂപതകള്‍ എന്നിവര്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിര നടപടി ഉണ്ടാകണം എന്നാവശ്യപ്പെട്ടിരുന്നു. ക്രൈസ്തവരെ വംശഹത്യ നടത്താനുള്ള കലാപമാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് താന്‍ ആരോപിച്ചിരുന്നു.

ഇത് മണിപ്പൂരിലെ മാത്രം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധ സമീപനങ്ങളും പ്രത്യേകിച്ച് ക്രൈസ്തവര്‍ വ്യാപകമായി മതം മാറ്റുന്നു എന്ന പ്രചാരണവും ശകത്മാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടിയ കാലത്ത് 2.6 ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ടെങ്കില്‍ ഇന്നത് 2.4 ശതമാനമേ ഉള്ളു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെയല്ലെ അതിന്റെ തെളിവെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് യാതൊരു പങ്കുമില്ല. ഇവിടുത്തെ മുസ്ലീം സമുദായവും ക്രൈസ്തവ സമുദായവും നാളിതുവരെ എത്രമേല്‍ സൗഹാര്‍ദത്തില്‍ ജീവിച്ചോ അതിനേക്കാള്‍ സൗഹൃതത്തില്‍ ജീവിക്കണമെന്നാണ് സഭയുടെ നിലപാട്. ഇസ്ലാം മതത്തിലെ വളരെ ചെറിയ ഒരു ന്യുനപക്ഷങ്ങളുടെ ഭാഗത്ത് നിന്ന് വളരെ തീവ്രവാദപരമായ നിലപാടുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇസ്ലാം മതത്തിന്റെ പൊതു നിലപാടാണെന്ന് തങ്ങള്‍ കരുതുന്നില്ല. ക്രൈസ്തവരുടെ ഇടയില്‍ നിന്നും ഈ സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന നടപടി ചുരുക്കം ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടാകാം, അത് സഭയുടെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദ്, ലൗവ് ജിഹാദ് എന്നീ വിഷയങ്ങളില്‍ ചില വിവാദങ്ങള്‍ ഉണ്ടായല്ലോ, സഭയുടെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിന്- 'ജിഹാദ്' എന്ന വാക്ക് മുസ്ലിം സമുദായത്തിന്റെ ആത്മീയതയുമായി ബന്ധപ്പെട്ട ഒന്നായതിനാല്‍ അതുപയോഗിക്കുന്നത് അവരെ വിഷമിപ്പിക്കുന്നു എന്ന് അവര്‍ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ആ വാക്ക് താന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ ആ വിഷയം ഇപ്പോഴും സമൂഹത്തില്‍ പ്രസക്തമാണ് മാര്‍ പാംപ്ലാനി പറഞ്ഞു.
മയക്കുമരുന്ന് നല്‍കിയും പ്രണയക്കുരിക്കില്‍പ്പെടുത്തിയും തങ്ങളുടെ കുട്ടികളെ തെറ്റായ കാര്യങ്ങളിലേക്ക് നയിക്കുന്ന തീവ്രവാദ സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. അത് മുസ്ലിം സമുദായത്തിന്റെ പൊതു നിലപാടാണ് എന്ന് തങ്ങള്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസ സഭയുടെ ഔദ്യോഗിക സംഘടന അല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയും വ്യാപകമായി വളച്ചൊടിക്കപ്പെട്ടിരുന്നു.

കാസയെക്കുറിച്ചുള്ള ചോദ്യവും ഉത്തരവും ഇങ്ങനെയായിരുന്നു.

ചോദ്യം : കാസ ശരിക്കും സഭയുടെ പിന്തുണയുള്ള സംഘടനയാണോ?
ഉത്തരം : കാസ ഇതുവരെ സഭയുടെ പിന്തുണ ചോദിച്ചിട്ടില്ല, സഭയും ഇതുവരെ കാസയെ സഭയുടെ ഔദ്യോഗിക സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.

വിശ്വാസം എന്നത് മനുഷ്യന്റെ സ്വത്വബോധത്തിന്റെ ഭാഗമാണ്. ഇംഗ്ലണ്ടില്‍ പള്ളികളില്‍ ആളുകള്‍ പോകുന്നില്ലെന്നും പല പള്ളികളും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തോട് പറയാനുള്ളത് അദ്ദേഹം അത്തരത്തില്‍ ഒരു പ്രസ്താവന നടത്തേണ്ട ഒരു സാഹചര്യവും ഇല്ല എന്നാണ്. ഗോവിന്ദന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയി എന്ന് മാത്രമെ അതേക്കുറിച്ച് പറയനുള്ളു എന്നാണ് ബിഷപ് പറഞ്ഞത്. ഗോവിന്ദന്‍ സന്യാസിനികളെക്കുറിച്ച് പറഞ്ഞത് ഇവിടുത്തെ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവില്‍ കോഡ് എന്ന് പറയുന്നത് ഇന്നും ഒരു സാങ്കല്‍പിക പദം മാത്രമാണെന്നായിരുന്നു ഇക്കാര്യത്തില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം. എന്താണ് അതിന്റെ യഥാര്‍ത്ഥ ഉള്ളടക്കം എന്ന് ബന്ധപ്പെട്ട നിയമനിര്‍മ്മാണ വേദികളില്‍ വയ്ക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ആരെയും ഉപദ്രവിക്കാന്‍ പാടില്ലെന്നും അതുണ്ടെങ്കില്‍ തിരിച്ചറിഞ്ഞ് തിരുത്തണം എന്നുമാണ് തന്റെ നിലപാടെന്നുമാണ് മാര്‍ ജോസഫ് പാംപ്ലാനി അഭിമുഖത്തില്‍ വ്യ്ക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.