ന്യൂഡല്‍ഹി: ഉത്തരേന്ത്യല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് യമുനാ നദിയില്‍ ജലനിരപ്പ് അപകടകരമായ വിധം ഉയരുന്നു. ദുരന്ത നിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്. 206 മീറ്ററാണ് റെഡ് ലൈന്‍. ഇതിനും മുകളിലേക്ക് ഉയര്‍ന്നേക്കുമെന്നതിനാല്‍ യമുനയുടെ തീര മേഖലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കി.
ജലനിരപ്പ് ഉയര്‍ന്ന ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം നിരന്തരം തുറന്ന് വിട്ടുകൊണ്ടിരിക്കുന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാനുണ്ടായ പ്രധാന കാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നദിയിലെ ജലനിരപ്പ് 204.5 മീറ്റര്‍ എന്ന നിലയിലായിരുന്നു. 2,15,677 ക്യുബിക് വെള്ളം മൂന്ന് മണിയോടെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് തുറന്നുവിട്ടു. ഇതേ തുടര്‍ന്ന് ജനലനിരപ്പ് 205 മീറ്ററിന് മുകളിലേക്ക് ഉയര്‍ന്നു.
206 മീറ്ററിന് മുകളില്‍ ജലനിരപ്പ് എത്തിയാല്‍ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ജൂലൈ 11 ഓടെ ജലനിരപ്പ് 205 മീറ്റര്‍ പിന്നിടുമെന്നാണ് കരുതിയിരുന്നതെങ്കിലും അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതോടെയാണ് പെട്ടന്ന് ജലനിരപ്പ് ഉയര്‍ന്നത്. സാധാരണ നിലയില്‍ 352 ക്യുബിക്ക് വെള്ളമാണ് അണക്കെട്ടില്‍ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
മഴക്കെടുതികളെ തുടര്‍ന്ന് ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു. ഹരിയാനയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസിലെ ആളുകളെ ക്രെയിനും കയറും ഉപയോഗിച്ച് അതിസാഹസികമായാണ് രക്ഷിച്ചത്. ഇരു സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടിയന്തര യോഗം വിളിച്ചു.
പഞ്ചാബിലും കനത്ത മഴയാണ് പെയ്യുന്നത്. ഈ മാസം പെയ്യേണ്ട മഴയുടെ 70 ശതമാനവും പഞ്ചാബില്‍ രണ്ട് ദിവസം കൊണ്ട് പെയ്തു. മൊഹാലിയില്‍ ഒരു വര്‍ഷം കൊണ്ട് പെയ്യേണ്ട മഴയില്‍ 50 ശതമാനവും 50 മണിക്കൂറില്‍ പെയ്തു. ചണ്ഡിഗഡില്‍ ഞായറാഴ്ച രാവിലെ 5.30 മുതല്‍ 8.30 വരെ മൂന്നു മണിക്കൂറില്‍ 63 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. മാര്‍ക്കണ്ഡ, ഗാഗര്‍, തന്‍ഗ്രി നദികള്‍ കരകവിഞ്ഞൊഴുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടം വെള്ളത്തില്‍ മുങ്ങി. പട്യാല, റോചര്‍, മൊഹാലി എന്നിവിടങ്ങളിലുള്‍പ്പെടെ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.