കൊച്ചി: റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അധ്യാപകരെ നീക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് എറണാകുളം ലോ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഉള്‍പ്പടെയുള്ള മൂന്ന് അധ്യാപകരെയാണ് സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ടത്. പൂട്ടിയിട്ടവരുടെ കൂട്ടത്തില്‍ കാഴ്ച്ച പരിമിതിയുള്ള ഒരു അധ്യാപകനും ഉണ്ടായിരുന്നതായി കെ.എസ്.യു ആരോപിച്ചു.
എസ്.എഫ്.ഐയുടെ ആവശ്യം ചൊവ്വാഴ്ച ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ നിരാകരിച്ചതാണ് യൂണിയന്‍ നേതാക്കളെ പ്രകോപിപ്പിച്ചത്. യോഗം കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് മടങ്ങിയ അധ്യാപകരെ പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുറിക്കുള്ളിലാക്കി വാതില്‍ അടച്ചു. തുടര്‍ന്ന് മുറിക്ക് പുറത്ത് കൊടിയും സ്ഥാപിച്ചു. പൊലീസ് എത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.
സംഭവത്തില്‍ പരാതി നല്‍കാന്‍ അധ്യാപകര്‍ തയാറായില്ല. കോളജിലുണ്ടായത് ചെറിയ സംഭവമാണെന്നും വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇത് സാധാരണമാണെന്നും പ്രിന്‍സിപ്പിലിന്റെ അഭാവത്തില്‍ കോളജിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപിക പ്രതികരിച്ചു. മറ്റ് അധ്യാപകരും നിസാര സംഭവമെന്ന നിലയിലാണ് ഇതിനെ വ്യാഖ്യാനിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചതും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമടക്കം ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വമേധയ കേസെടുക്കാന്‍ തയാറായില്ലെന്ന് കെ.എസ്.യുവും ആരോപിച്ചു. അധ്യാപകരെ എസ്.എഫ്.ഐ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. എസ്.എഫ്.ഐക്കെതിരെ ശബ്ദിക്കാന്‍ അധ്യാപകര്‍ക്ക് ഭയമാണെന്നും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ഡോണ്‍ സേവ്യര്‍ സാബു പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷവും അതേത്തടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇന്നലെ അധ്യാപകരെ പൂട്ടിയിടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന കെ.എസ്.യു പ്രവര്‍ത്തകനെ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശനാക്കി.
ഇതേ തുടര്‍ന്ന് കെ.എസ്.യു നല്‍കിയ പരാതിയില്‍ കോളജിലെ റാഗിങ് വിരുദ്ധ കമ്മിറ്റി അക്രമണത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ യൂണിറ്റ് സെക്രട്ടറി അടക്കം എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ 14 ദിവസത്തെ സസ്‌പെന്റ് ചെയ്തു. ഇതില്‍ പ്രകോപിതരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും പ്രകോപനമരമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
പിന്നീട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുടെ പരാതി തീര്‍പ്പാക്കല്‍ ബോര്‍ഡ് (ബിഎഎസ്ജി) നെ എസ്.എഫ്.ഐ സമീപിച്ചു. വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ശരിവച്ച ബോര്‍ഡ് പക്ഷെ ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷം റാഗിങിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് വിധിയെഴുതി.
ഇതേ തുടര്‍ന്ന് സസ്പെന്‍ഷന്‍ തീരുമാനം കൈക്കൊണ്ട റാഗിങ് വിരുദ്ധ കമ്മിറ്റി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രക്ഷോഭം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന സ്റ്റാഫ് കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കമ്മിറ്റി പിരിച്ചുവിടേണ്ടതില്ല എന്ന തീരുമാനമാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘമായെത്തി അധ്യാപരെ ബന്ധികളാക്കിയത്.
റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അധ്യാപകരുടെ ഇടതുപക്ഷ വിരുധ നിലപാടിനെതിരെയുള്ള പ്രതിഷേധം മാത്രമാണ് ഇന്നലെ ഉണ്ടായതെന്ന് എറണാകുളം ലോ കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷാനോഫ് പറഞ്ഞു. ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തലിനെ മറികടന്ന് ഹോസ്റ്റലിലെ സംഘര്‍ഷം റാഗിങ് ആക്കിമാറ്റി വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യിപ്പിച്ചതിന് പിന്നില്‍ ഈ അധ്യാപകരാണ്. ഇവരെ കമ്മിറ്റിയില്‍ നിന്ന് നീക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് അധ്യാപകരെ പൂട്ടിയിട്ടതെന്നും മുഹമ്മദ് ഷാനോഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.