പ്രതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജോലി; പൊലീസിനോട് ഹൈക്കോടതി

പ്രതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജോലി; പൊലീസിനോട് ഹൈക്കോടതി

കൊച്ചി: അറസ്റ്റ് ചെയ്ത പ്രതിയുടെ ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തുന്നത് എങ്ങനെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലാകുന്നതെന്ന് ഹൈക്കോടതി.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം പകര്‍ത്തിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ മാതൃഭൂമി ന്യൂസ് മാനേജ്മെന്റും ബന്ധപ്പെട്ട ജീവനക്കാരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ചോദ്യമുന്നയിച്ചത്.

പ്രതിയുടെ ചിത്രമെടുക്കല്‍ മാധ്യമ പ്രവര്‍ത്തകരുടെ ജോലിയാണ്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ട പ്രതികളാണെങ്കില്‍ മുഖം മറച്ച് കൊണ്ടുവരണം. പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവര്‍ത്തകരെ നിരന്തം നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത് എന്തിനാണ്? അതിനാല്‍, അവര്‍ക്ക് കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാകുന്നില്ല.

മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നത് ജനാധിപത്യത്തിലെ നാലാം തൂണ്‍ സങ്കല്‍പത്തിന് വിരുദ്ധമാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ പല വിവരവും ലഭിക്കും. അത് കണ്ടെത്താന്‍ അവരുടെ ഫോണ്‍ പിടിച്ചെടുക്കുന്ന നടപടി ശരിയല്ല. കേസിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.

പൊലീസിന്റെ ഭാഗത്തു നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു ദ്രോഹവും ഉണ്ടാകില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. കേസെടുത്തതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ രണ്ട് പരാതിയും ഉടന്‍ പരിഗണിച്ച് പരാതിക്കാരെ കേട്ട് തീരുമാനമെടുക്കണമെന്നും കേസ് അന്വേഷണവുമായി ഹര്‍ജിക്കാര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.