ദുബായ്: സ്വദേശിവല്‍ക്കരണം സ്വകാര്യമേഖലയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രി ഡോ അബ്ദുള്‍റഹ്മാന്‍ അല്‍ അവാർ. രാജ്യത്തിന്‍റെ പുരോഗതിക്ക് അടിത്തറയാകുന്ന മാനവവിഭവശേഷി വികസനവും സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവല്‍ക്കരണമെന്നത് കേവലം ഒരു നമ്പറല്ല, സ്വകാര്യമേഖല സർക്കാർ നിർദ്ദേശം അനുസരിക്കുന്നുവെന്നതുമല്ല, മറിച്ച് സ്വകാര്യമേഖലയില്‍ സ്വദേശിപൗരന്മാരുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയെന്നുളളതാണ്.
രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ സ്വകാര്യ-സർക്കാർ തൊഴില്‍ മേഖലയുടെ ഏകീകരണവും ഇതിലൂടെ സാധ്യമാകുന്നുവെന്നും അദ്ദേഹം വിലയിരുത്തി. 2022 ഫെബ്രുവരി മുതല്‍ പൊതു സ്വകാര്യമേഖലയിലെ ജീവനക്കാരുടെ അവധി ഏകീകരിച്ചിരുന്നു. ഇരു മേഖലയിലും ഒരുപോലെ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക വഴി സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകർഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ളക്സിബിള്‍, പാർട് ടൈം, താല്‍ക്കാലികമെന്നിങ്ങനെയുളള വിവിധ തരത്തിലുളള ജോലി തെരഞ്ഞെടുക്കാമെന്നതും വലിയ തോതില്‍ സ്വീകാര്യമായിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്ന തൊഴില്‍ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്. സ്വദേശി വല്‍ക്കരണ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല‍്കി.
നിലവില്‍ 79,000 ത്തിലധികം സ്വദേശികള്‍ യുഎഇയുടെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. 2021 ൽ നാഫിസ് സംരംഭം ആരംഭിച്ചതിന് ശേഷമാണ് ഗണ്യമായ വളർച്ച രേഖപ്പെടുത്തിയത്. 2022 ല്‍ 50,228 സ്വദേശികളായിരുന്നു സ്വകാര്യ മേഖലയിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് 57 ശതമാനം വർദ്ധനവാണ് 2023 ല്‍ രേഖപ്പെടുത്തിയത്. 17,000 സ്വകാര്യ മേഖലാ കമ്പനികൾ യുഎഇ പൗരന്മാർക്ക് ജോലി നൽകുന്നുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറം സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്നുളളതില്‍ എമിറാത്തൈസേഷന്‍ വിജയിച്ചുവെന്നും മന്ത്രി വിലയിരുത്തുന്നു.
20 മുതല്‍ 49 വരെ ജീവനക്കാരുളള സ്ഥാപനങ്ങളെയും സ്വദേശിവല്‍ക്കരണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. 2024, 2025 വർഷത്തില്‍ ഒരു സ്വദേശിയെ എങ്കിലും നിയമിക്കണമെന്നതാണ് നിർദ്ദേശം. വിവരസാങ്കേതിക വിദ്യ, വിദ്യാഭ്യാസം, നിർമ്മാണം, ഗതാഗതം ഉള്‍പ്പടെ 14 മേഖലകളിലെ 12,000 കമ്പനികള്‍ക്ക് നിർദ്ദേശം ബാധകമാകും.
തൊഴിലുകളുടെ സ്വഭാവം, അന്തരീക്ഷം, ഭൂമിശാസ്ത്രപരമായ സ്ഥാനം, പ്രതീക്ഷിക്കുന്ന വളർച്ച, എമിറേറ്റൈസേഷൻ മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വദേശിവല്‍ക്കരണത്തിന്‍റെ പരിധിയില്‍ വരേണ്ട സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നത്. ഒരു വർഷത്തിനിടയിലാണ് കമ്പനികള്‍ നിയമനം പൂർത്തിയാക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.