'എത്രയും വേഗം പരിഹരിക്കണം ഇല്ലെങ്കില്‍ രാജിവെക്കണം'; പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ഇടപെട്ട് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു

'എത്രയും വേഗം പരിഹരിക്കണം ഇല്ലെങ്കില്‍ രാജിവെക്കണം'; പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ഇടപെട്ട് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ലാത്ത വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു. മലപ്പുറത്തെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും പരിഹരിക്കാനാവില്ലെങ്കില്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് കഠ്ജു കത്തെഴുതി.

അടുത്തിടെ മലപ്പുറം ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പത്താം ക്ലാസ് പാസായ കുട്ടികള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധി താന്‍ മനസിലാക്കിയതെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കഠ്ജു പറഞ്ഞു. വിദ്യാര്‍ഥികള്‍ വളരെ മിടുക്കരാണ്. 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയവരാണ് പലരും. പ്ലസ് വണ്ണിന് കമ്പ്യൂട്ടര്‍, ബയോളജി, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാനും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഐ.ടി വിദഗ്ധരുമാകാനുമാണ് അവര്‍ക്ക് താല്‍പര്യം. എന്നാല്‍, ഈ വിഷയങ്ങള്‍ക്ക് സീറ്റുകള്‍ വളരെ കുറവായതിനാല്‍ അവരുടെ മുന്നില്‍ വാതിലുകള്‍ അടഞ്ഞിരിക്കുകയാണ്. അവരുടെ ഭാവി പ്രതീക്ഷകളും ഇരുളടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിനോട് നിരന്തരം ആവശ്യമുയര്‍ന്നിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് വലിയൊരു കുറ്റകൃത്യമായാണ് ഞാന്‍ കാണുന്നത്. ഈ കുട്ടികളുടെ ജീവിതമാണ് നിങ്ങള്‍ തകര്‍ക്കുന്നത്. താങ്കളും സര്‍ക്കാറുമാണ് ഇതിന് നേരിട്ട് ഉത്തരവാദികള്‍. വളരെയേറെ പറയുകയും തീരെ കുറവ് പ്രവര്‍ത്തിക്കുകയുമാണ് നിങ്ങള്‍. എത്രയും വേഗം ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണം. ഈ കത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാറിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടികളിലേക്ക് ഞാന്‍ കടക്കും -മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ജസ്റ്റിസ് കഠ്ജു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.