'സോപ്പ് പെട്ടി പോലെയുള്ള വണ്ടിയുമായി മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വന്നു'; പൊലീസിനെതിരെ പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍

'സോപ്പ് പെട്ടി പോലെയുള്ള വണ്ടിയുമായി മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വന്നു'; പൊലീസിനെതിരെ പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍

കൊല്ലം: കൊട്ടക്കരയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍. കേസ് കൊടുക്കാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നാണ് നിതിന്‍ പറയുന്നത്. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി നിതിന്‍ വ്യക്തമാക്കി.

ഇന്നലെ സ്റ്റേഷനില്‍ കേസ് കൊടുക്കാനെത്തിയപ്പോഴാണ് പൊലീസ് അക്ഷേപിച്ചത്. ഓവര്‍ സ്പീഡിലെത്തിയ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇപ്പോള്‍ കേസില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നിതിന്‍ പറഞ്ഞു.

'നിന്റെ വണ്ടി കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ, സോപ്പുപെട്ടി പോലുള്ള വണ്ടി കൊണ്ടാണോ നീ റോഡില്‍ നടക്കുന്നത്. ആരാടാ നിനക്ക് സിഗ്‌നല്‍ തന്നത്. മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടികൊണ്ടുവന്നു എന്നൊക്ക പറഞ്ഞ് പൊലീസ് ആക്ഷേപിച്ചു'-നിതിന്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഇതുവരെ ആര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല. മന്ത്രിയുടെ വാഹനം സിഗ്‌നല്‍ തെറ്റിച്ച് കടത്തിവിട്ട പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയുടെ വാഹനവും ആംബുലന്‍സും ഒരേസമയത്ത് എത്തിയതുകൊണ്ട് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും.

ഇന്നലെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയെ കൊട്ടാക്കര ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പുലമണ്‍ സിഗ്‌നലില്‍ വച്ച് പൈലറ്റ് വാഹനം ഇടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.