നരേന്ദ്ര മോഡിക്ക് 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജന്‍ ഓഫ് ഓണര്‍' ബഹുമതി സമ്മാനിച്ച് ഫ്രാന്‍സ്

നരേന്ദ്ര മോഡിക്ക് 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജന്‍ ഓഫ് ഓണര്‍' ബഹുമതി സമ്മാനിച്ച് ഫ്രാന്‍സ്

പാരീസ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജന്‍ ഓഫ് ഓണറാണ് മോഡിക്ക് സമ്മാനിച്ചത്.

ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോഡിയ്ക്ക് പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി.

ഫ്രാന്‍സിന് സാംസ്‌കാരികമോ സാമ്പത്തികമോ ആയ സേവനങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ വ്യക്തികളെ ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിക്ക് അര്‍ഹമാക്കുന്നത്. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും ഇത്തരത്തില്‍ ക്രോസ് ഓഫ് ദി ലീജന്‍ ഓഫ് ഓണര്‍ സമ്മാനിക്കും.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ഫ്രാന്‍സിന്റെ ദേശീയദിനാഘോഷത്തില്‍ (ബാസ്റ്റീല്‍ ദിനം) മോഡിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളില്‍ നിന്നുള്ള ഇന്ത്യയുടെ 269 അംഗ സൈനിക യൂണിറ്റ് ദേശീയദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധ വിമാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങളും ആകാശത്ത് അണിനിരക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോഡി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതടക്കം ചര്‍ച്ചയാകും. ചര്‍ച്ചയ്ക്ക് ശേഷം സുപ്രധാന കരാറുകളുടെ പ്രഖ്യാപനവും ഉണ്ടാകും.

അതേസമയം ഇന്ത്യയുടെ യുപിഐ സംവിധാനം ഇനിമുതല്‍ ഫ്രാന്‍സിലും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. യുപിഐ ഉപയോഗിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. ഫ്രാന്‍സിലെത്തുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ വിനിമയത്തിന് രൂപ ഉപയോഗിക്കാം. പാരിസില്‍ ഇന്ത്യന്‍ പൗരന്മാരോട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

ഫ്രാന്‍സില്‍ യുപിഐ അനുവദിക്കുന്നത് വലിയ സാധ്യതകള്‍ തുറക്കും. ബുദ്ധിമുട്ടുള്ള ഫോറെക്സ് കാര്‍ഡുകള്‍ ഒഴിവാക്കാനും ചെലവഴിക്കാന്‍ പണം കൊണ്ടുപോകേണ്ട ആവശ്യം ഒഴിവാക്കാനും യുപിഐയിലൂടെ സാധിക്കും. ഫ്രാന്‍സിലെത്തിയ മോഡി സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചറുമായി കൂടിക്കാഴ്ച നടത്തി. ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍ എല്ലാ ബാങ്കുകളേയും ബന്ധിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയുടെ യുപിഐ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.